/indian-express-malayalam/media/media_files/uploads/2023/08/Women-WC.jpg)
Photo: Facebook/FIFA Women's World Cup
2023 ഫിഫ വനിത ലോകകപ്പ് കിരീടം സ്വന്തമാക്കി സ്പെയിന്‍. കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏക ഗോളിന് കീഴടക്കിയാണ് സ്പെയിന്‍ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഓള്‍ഗ കാര്‍മോണ 29-ാം മിനുറ്റിലാണ് സ്പെയിനിനായ് ലക്ഷ്യം കണ്ടത്. ചരിത്രത്തില്‍ ആദ്യമായാണ് സ്പെയിന്‍ വനിത ലോകകപ്പ് സ്വന്തമാക്കുന്നത്.
പന്തടക്കത്തിലും ഗോള്‍ ആക്രമണത്തിലുമെല്ലാം ഇംഗ്ലണ്ടിന് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചായിരുന്നു സ്പെയിനിന്റെ മുന്നേറ്റം. ഇംഗ്ലണ്ട് ഗോള്‍ മുഖത്തേക്ക് 13 തവണയാണ് സ്പാനിഷ് പട നിറയൊഴിച്ചത്. എട്ട് തവണ മാത്രമാണ് സ്പെയിനിന്റെ ഗോള്‍പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കാന്‍ ഇംഗ്ലണ്ടിനായത്.
തുടക്കം മുതല്‍ പന്ത് കൈവശം വച്ചുള്ള സ്പെയിനിന്റെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടത് 29-ാം മിനുറ്റിലായിരുന്നു. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ കാള്‍ഡെന്റെ ബോക്സിന് തൊട്ടടുത്ത് വച്ച് കാര്‍മോണയ്ക്ക് കൈമാറുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയെ ഒന്നടങ്കം കാഴ്ചക്കാരാക്കി കാര്‍മോണയുടെ ഇടം കാല്‍ ഷോട്ട് പോസ്റ്റില്‍ പതിച്ചു.
69-ാം മിനുറ്റില്‍ സ്പെയിനിന് അനുകൂലമായി പെനാലിറ്റി ലഭിച്ചെങ്കിലും ജെനിഫര്‍ ഹെര്‍മോസോയുടെ ശ്രമം ഇംഗ്ലണ്ട് ഗോളി മേരി തടഞ്ഞിട്ടു.
ലോകകപ്പ് പുരസ്കാരങ്ങള്‍
ഗോള്‍ഡന്‍ ബോള്‍ - ഐതാന ബോണ്‍മാതി (സ്പെയിന്‍)
ഗോള്‍ഡന്‍ ബൂട്ട് - ഹിനാറ്റ് മിയസാവ (ജപ്പാന്‍)
ഗോള്‍ഡന്‍ ഗ്ലൗ - മേരി ഏര്‍പ്പ്സ് (ഇംഗ്ലണ്ട്)
മികച്ച യുവതാരം - സല്‍മ പറലുവേലൊ (സ്പെയിന്‍)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.