മുംബൈ: ഇന്ത്യന്‍ ടീമില്‍ ലോകകപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പരീക്ഷണങ്ങള്‍ക്കെതിരെ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ രംഗത്ത്. മാറ്റങ്ങളും വെട്ടലും പരിധി വിട്ടെന്നാണ് കുംബ്ലെ പറയുന്നത്. നമ്പര്‍ നാല്, നമ്പര്‍ അഞ്ച്, നമ്പര്‍ ആറ് സ്ഥാനങ്ങളിലേക്ക് താരങ്ങളെ കണ്ടെത്തുന്നതിനായി ഇന്ത്യ നടത്തിയ മാറ്റങ്ങള്‍ അതിരു വിട്ടെന്ന് കുംബ്ലെ പറഞ്ഞു. അതേസമയം എംഎസ് ധോണിയെ ലോകകപ്പില്‍ നാലാമത് തന്നെ ഇറക്കണമെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.

”കഴിഞ്ഞ കുറച്ച് കാലത്തെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാല്‍, ടോപ്പ് ത്രി സ്ഥിരതയോടെ കളിച്ചത് കൊണ്ടാണ് ഇന്ത്യ വിജയം കൈവരിച്ചതെന്ന് മനസിലാക്കാം. ഇപ്പോഴും അതങ്ങനെയാണ്. 50 ഓവര്‍ മത്സരത്തില്‍ ടോപ്പ് ത്രി നന്നായി കളിക്കണം. എന്‍റെ അഭിപ്രായത്തില്‍ ധോണി നാലാമനായി തന്നെ ഇറങ്ങണം. അഞ്ചും ആറും ഏഴുമാണ് ആലോചിച്ച് തീരുമാനിക്കേണ്ടത്. അവിടെ മാറ്റങ്ങളും വെട്ടലുമൊക്കെ കുറച്ച് അധികം നടന്നിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ അത് ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു” കുംബ്ലെ പറഞ്ഞു.

Read More: ‘ധോണിയെ ഒരിക്കലും വിലകുറച്ച് കാണരുത്’; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

അതേസമയം മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ലോകകപ്പിന് മുന്നോടിയായി വേണ്ടത്ര അവസരം നല്‍കിയിട്ടില്ലെന്നാണ് കുംബ്ലെയുടെ അഭിപ്രായം.

”ടോപ്പ് ത്രി കളിച്ചില്ലെങ്കില്‍ എന്താക്കും? സെമിയിലോ ഫൈനലിലോ ആണെങ്കിലോ? അപ്പോള്‍ ബാക്ക് വേണ്ടി വരും. അതു നോക്കുമ്പോള്‍ ലോകകപ്പിന് മുന്നോടിയായി മിഡില്‍ ഓര്‍ഡറിലേക്കായി സെലക്ട് ചെയ്ത താരങ്ങള്‍ക്ക് വേണ്ട അവസരം നല്‍കുകയോ സ്ഥിരത പുലര്‍ത്താനോ സാധിച്ചിട്ടില്ല” മുന്‍ പരിശീലകന്‍ വ്യക്തമാക്കുന്നു.

Read Also: ‘ഐപിഎൽ എല്ലാവർഷവുമുണ്ട്, ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ മാത്രമാണ്’; ഇന്ത്യൻ താരങ്ങളോട് വിരാട് കോഹ്‌ലി

”ടോപ്പ് ഫോറാണ് 70-80 ശതമാനം കളികളും ജയിപ്പിക്കുന്നത്. അതുകൊണ്ട് ആദ്യ നാലു പേരും ക്വാളിറ്റി ബാറ്റ്‌സ്മാന്മാരായിരിക്കണം. അതുകൊണ്ടാണ് ധോണിയെ പോലൊരു താരത്തെ നാലാമത് ഇറക്കണമെന്ന് പറയുന്നത്. നാലാമത് ഇറങ്ങിയാല്‍ ധോണിക്ക് മിഡില്‍ ഓര്‍ഡര്‍ മാനേജ് ചെയ്യാനാകും. അല്ലാതെ മിഡില്‍ ഓര്‍ഡര്‍ മാനേജ് ചെയ്യേണ്ടിയും റണ്‍ ചെയ്‌സ് ചെയ്യേണ്ടിയും വരുന്ന പൊസിഷനിലല്ല ഇറക്കേണ്ടത്” കുംബ്ലെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook