നായകന്റെ പോരാട്ടത്തിന് ലക്ഷ്യം പൂർത്തികരിക്കാൻ സാധിക്കാതെ വന്നപ്പോൾ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് തോൽവി. 87 റൺസിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആരോൺ ഫിഞ്ചിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഓസ്ട്രേലിയ ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഇന്നിങ്സ് 247 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ശ്രീലങ്കൻ നിരയെ എറിഞ്ഞിട്ടത്.

ദിമുത്ത് കരുണരത്നയും കുസാൽ പെരേരയും മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും ശ്രീലങ്കക്ക് വിജയപ്രതീക്ഷ നൽകി. 36 പന്തിൽ 52 റൺസെടുത്ത പെരേര പുറത്തായതിന് പിന്നാലെ ശ്രീലങ്കയുടെ റൺറേറ്റും താഴ്ന്നു. നായകൻ സെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടയിൽ മൂന്ന് റൺസകലെ വീണതോടെ ദ്വീപുകാർ കളി മറന്നു. 108 പന്തിൽ നിന്ന് 97 റൺസ് നേടിയ ശേഷമാണ് ദിമുത്ത് ക്രീസ് വിട്ടത്.

ശ്രീലങ്കൻ നിരയിൽ അഞ്ച് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ ശ്രീലങ്കക്ക് ടൂർണമെന്റിലെ രണ്ടാം തോൽവി. രണ്ട് മത്സരം മഴമൂലം ഉപേക്ഷിച്ച ലങ്കയ്ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമാണ്.

നേരത്തെ ഒസിസ് നായകന്‍ ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 334 റണ്‍സാണ് ടീം അടിച്ചെടുത്തത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ ഈ സ്‌കോറിലെത്തിയത്. ഓപ്പണര്‍ ഫിഞ്ചിന്റെ സെഞ്ചുറിയാണ് മികച്ച സ്‌കോറിന് പിന്നില്‍.

ഡേവിഡ് വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് മികച്ച പിന്തുണ നല്‍കിയെങ്കിലും 26 റണ്‍സെടുത്തു നില്‍ക്കെ വാര്‍ണറെ ഡിസില്‍വ പുറത്താക്കി. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ 10 റണ്‍സ് മാത്രമെടുത്തും മടങ്ങി. എന്നാല്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയതോടെ കളി വീണ്ടും ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി. സ്മിത്തും ഫിഞ്ചും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 132 പന്തുകളില്‍ നിന്നും 153 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇതില്‍ അഞ്ച് സിക്‌സും 15 ഫോറുമുള്‍പ്പെടും.

തിരിച്ചു വരവില്‍ മിന്നും ഫോമിലുള്ള സ്മിത്ത് 59 പന്തില്‍ 73 റണ്‍സ് നേടി. ഏഴ് ഫോറും ഒരു സിക്‌സുമുള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ഇരുവരും പുറത്തായപ്പോല്‍ അടിക്കാനുള്ള ദൗത്യം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏറ്റെടുത്തു. 25 പന്തുകള്‍ മാത്രമെടുത്ത് 46 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്.

രണ്ട് വിക്കറ്റ് വീതമെടുത്ത ഇസുരു ഉദാനയും ധനഞ്ജയ ഡിസില്‍വയുമാണ് ശ്രീലങ്കന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. രണ്ടാം പകുതിയിലെ ചെറുത്തു നില്‍പ്പാണ് ഓസ്‌ട്രേലിയയെ 334 ല്‍ ഒതുക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook