ICC World Cup 2019, ENG vs WI: ജോ റൂട്ടിന്റെ ഓൾറൗണ്ട് മികവിൽ ഇംഗ്ലണ്ടിന് ലോകകപ്പിലെ മൂന്നാം ജയം. വിൻഡീസിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ആതിഥേയർ ആധിപത്യം തുടർന്നപ്പോൾ വിൻഡീസ് പട പരാജയമറിഞ്ഞു. വിൻഡീസ് ഉയർത്തിയ 213 റൺസെന്ന ചെറിയ വിജയലക്ഷ്യം 17 ഓവർ ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നു. വിൻഡീസിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ സെഞ്ചുറി പ്രകടനത്തിലൂടെ റൂട്ട് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള പാത തെളിച്ചു.

മഴ മാറി നിന്നത് മുതൽ ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു മത്സരത്തിന്റെ ഓരോ ഘട്ടങ്ങളും. 44.4 ഓവറിലാണ് വിൻഡീസ് 212 റൺസെന്ന സ്കോറിലെത്തിയത്. വിൻഡീസിന്റെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഫ്ര ആർച്ചറും മാർക്ക് വുഡും റൺസ് വിട്ടുനൽകുന്നതിനും പിശുക്ക് കാണിച്ചതോടെ വിൻഡീസ് ചെറിയ സ്കോറിലൊതുങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ബാറ്റിങ്ങിലും പിഴച്ചു. ടീം സ്കോർ നാലിൽ എത്തിയപ്പോഴേക്കും ഓപ്പണർ എവിൻ ലെവിസിനെ ക്രിസ് വോക്സ് മടക്കി. ക്രിസ് ഗെയിലിനൊപ്പം ചേർന്ന് ഷായ് ഹോപ്പ് പ്രതീക്ഷ നൽകിയെങ്കലും 36 റൺസെടുത്ത ഗെയ്ലിനെ മടക്കി പ്ലങ്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. അടുത്ത ഓവറിൽ ഹോപ്പ് ഇന്നിങ്സും അവസാനിച്ചു.

നായകൻ ജേസൺ ഹോൾഡറിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. നിക്കോളാസ് പൂറാൻ മാത്രമാണ് വിൻഡീസ് നിരയിൽ കാര്യമായ ചെറുത്ത് നിൽപ്പ് നടത്തിയത്. 78 പന്തിൽ 63 റൺസെടുത്ത പൂറാൻ വിൻഡീസ് ഇന്നിങ്സിന് ആയുസ് നൽകി. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പടെ വെടിക്കെട്ട് പ്രകടനത്തിലേക്ക് നീങ്ങിയ ആന്ദ്രെ റസലും പുറത്തായതോടെ വിൻഡീസ് പ്രതീക്ഷകൾ അവസാനിച്ചു.

ഒരു ഘട്ടത്തിൽ നിക്കോളാസ് പൂറാനും ഹെറ്റ്മയറും ചേർന്ന് ക്രീസിൽ നിലയുറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചപ്പോൾ ജോ റൂട്ടിനെ ഇറക്കിയാണ് ഇംഗ്ലണ്ട് പദ്ധതി പൊളിച്ചത്. അടുത്തടുത്ത ഓവറുകളിൽ ഹെറ്റ്മയറെയും ഹോൾഡറെയും വീഴ്ത്തി റൂട്ട് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. പിന്നീട് ആർച്ചറിന്റെയും വുഡിന്റെയും ഊഴമായിരുന്നു. വിൻഡീസ് താരങ്ങളെ ഓരോരുത്തരേയായി ഇരുവരും കൂടാരം കയറ്റി.

മത്സരത്തിന്റെ 40-ാം ഓവറിൽ ആർച്ചർ ഹാട്രിക് ചാൻസ് വരെയെത്തി. എന്നാൽ മൂന്നാം വിക്കറ്റ് വീണത് അടുത്ത ഓവറിലായിരുന്നു. ഷാനോൺ ഗബ്രിയേലിനെ വീഴ്ത്തി മാർക്ക് വുഡ് വിക്കറ്റ് വേട്ടയ്ക്കും വിൻഡീസ് ഇന്നിങ്സിനും അവസാനം കുറിച്ചു.

മറുപടി ബാറ്റിങ്ങിൽ ഒരിക്കൽ കൂടി ഇംഗ്ലീഷ് ബാറ്റിങ് നിര കൃത്യമായ പ്രകടനം പുറത്തെടുത്തു. 14.4 ഓവറിൽ 95 റൺസെന്ന നിലയിൽ എത്തിയ ശേഷം മാത്രമാണ് വിൻഡീസിന് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചത്. അർധസെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ ജോണി ബെയർസ്റ്റോയെ ഷന്നോൻ ഗബ്രിയേൽ ബ്രാത്ത്‌വൈറ്റിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

എന്നാൽ ക്രീസിൽ നിലയുറപ്പിച്ച റൂട്ട് ഇംഗ്ലീഷ് സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചു. കൂട്ടിന് ക്രിസ് വോക്സ് കൂടി എത്തിയതോടെ ഇംഗ്ലണ്ട് അനായസം ജയത്തിലേക്ക് നീങ്ങി. അതേസമയം ലക്ഷ്യം പൂർത്തികരിക്കുന്നതിന് മുമ്പ് വോക്സ് പുറത്ത്. 40 റൺസുമായാണ് വോക്സ് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ബെൻ സ്റ്റോക്സിനെ സാക്ഷിയാക്കി ജോ റൂട്ട് സെഞ്ചുറി തികച്ചു. അടുത്ത ഓവറിൽ സ്ട്രൈക്ക് എൻഡിലെത്തിയ സ്റ്റോക്സ് തുടർച്ചയായ രണ്ട് ബൗണ്ടറികൾ പായിച്ച് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook