മിലാൻ: ഒടുവിൽ ആരാധകർക്ക് നിരാശ സമ്മാനിച്ച് ഇറ്റലി ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്ത്. സ്വീഡന്‍റെ മഞ്ഞപ്പടയ്ക്കെതിരെ വീറോടെ പോരാടിയിട്ടും ഗോളകന്ന് നിന്നതോടെ റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്തായി.

സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്‍റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്. ആദ്യ പാദത്തില്‍ 1-0 ന് സ്വീഡന്‍ കളം നിറഞ്ഞതോടെ ഇറ്റലിക്ക് കളി കൈവിടുകയായിരുന്നു. 1958ന് ശേഷം ഇത് ആദ്യമായാണ് ഇറ്റലി ഇല്ലാതെ ഒരു ലോകകപ്പ് മത്സരം നടക്കുക. നാല് തവണ ലോകകപ്പ് നേടിയ ഇറ്റലിക്ക് കനത്ത ആഘാതമാണ് പുറത്തേക്കുളള വഴി.

നെതര്‍ലന്‍ഡ്സ്, അമേരിക്ക, ചിലി, ഘാന, ഐവറി കോസ്റ്റ്, കാമറൂണ്‍ എന്നീ വമ്പന്‍ടീമുകളും ലോകകപ്പിനുണ്ടാകില്ല. മികച്ച കളിയും കളിക്കാരും ഉണ്ടായിട്ടും അവസാന മൂന്ന് മത്സരങ്ങളിലെ തോല്‍വിയാണ് ഇറ്റലിക്ക് തിരിച്ചടിയായത്. തോല്‍വിയോടെ ജുവന്റസ് താരമായ ആന്‍ഡ്രി ബര്‍സാഗ്ലിയും റോമ മിഡ്ഫീല്‍ഡര്‍ ഡാനിയല്‍ ഡി റോസിയും ഇറ്റാലിയന്‍ കരിയര്‍ അവസാനിപ്പിച്ചു.

2020 വരെ ഇറ്റാലിയന്‍ ടീമുമായി കരാറുളള മാനേജര്‍ ഗാംപെരോ വെഞ്ചൂറ തോല്‍വിയില്‍ ആരാധകരോട് മാപ്പു പറഞ്ഞ് രംഗത്തെത്തി. രാജിക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ