ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ നാലാം തവണയും മാഗ്‌നസ് കാള്‍സണ് കിരീടം. ടൈബ്രേക്കറില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ 3-0 ത്തിന് തോല്‍പ്പിച്ചാണ് കാള്‍സണ്‍ ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. 1972ല്‍ ബോബി ഫിഷര്‌‍ വിജയിച്ചതിന് ശേഷം മറ്റൊരു ലോകപട്ടം നേടാമെന്ന അമേരിക്കയുടെ മോഹത്തിനാണ് കാള്‍സണ്‍ തിരിച്ചടി നല്‍കിയത്.

ഈ വിജയം തനിക്ക് വളരെ വലുതാണെന്ന് കാള്‍സണ്‍ ബിബിസിയോട് പറഞ്ഞു. എതിരാളി ശക്തനാണെന്നും അതുകൊണ്ട് തന്നെ ഈ വിജയം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈബ്രേക്കറിലേക്കു നീണ്ട പോരാട്ടത്തില്‍ ഫാബിയാനോ കരുവാനയെ ആദ്യ മൂന്നു റാപ്പിഡ് പോരാട്ടങ്ങളിലും തോല്‍പ്പിച്ചാണ് കാള്‍സണ്‍ ചെസ്സിലെ രാജ പദവി നിലനിര്‍ത്തിയത്. പ്രാഥമിക റൗണ്ടിലെ ആദ്യ 12 പോരാട്ടങ്ങളും സമനിലയായതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്.

അവസാന മത്സരത്തില്‍ മുന്‍തൂക്കമുണ്ടായിട്ടും കാള്‍സണ്‍ സാഹസത്തിന് മുതിരാതെ സമനില വഴങ്ങി. എന്നാല്‍ റാപിഡ് പോരാട്ടങ്ങളില്‍ ചതുരംഗപ്പലകയിലെ മൊസാര്‍ട്ടായി വാഴ്ത്തപ്പെടുന്ന കാള്‍സണ്‍ വിശ്വ രൂപം പുറത്തെടുത്തു. ഇതോടെ കരുവാന ചിത്രത്തില്‍ നിന്നേ മാഞ്ഞു. മത്സരം 3-0ന് ആണ് കാള്‍സന്റെ വിജയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ