scorecardresearch

‘നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല, സ്വര്‍ണമല്ലാതെ’; വികാരഭരിതയായി മേരി കോം

16 വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും വന്നും പോയി. പക്ഷെ അന്നും ഇന്നും ആര്‍ക്കു മുന്നിലും തല കുനിക്കാതെ മേരി കോം ഇവിടെ തന്നെയുണ്ട്

ന്യൂഡല്‍ഹി: ഇടിക്കൂട്ടിനുള്ളില്‍ ഒരേയൊരു റാണിയേയുള്ളൂ. അത് മേരി കോമാണ്. തന്റെ കരിയറിലെ ആറാം ലോക ചാമ്പ്യന്‍ഷിപ്പ് നേടി മേരി കോം അത് ഒന്നുകൂടെ അടി വരയിടുക മാത്രമാണ് ചെയ്തത്. 2001 ല്‍ തന്റെ ആദ്യ ലോക കിരീടം നേടിയതിന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേരി തന്റെ ഏഴാമത്തെ മെഡലും ആറാമത്തെ സ്വര്‍ണവും നേടുന്നത്. ഈ 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും വന്നും പോയി. പക്ഷെ അന്നും ഇന്നും ആര്‍ക്കു മുന്നിലും തല കുനിക്കാതെ മേരി കോം ഇവിടെ തന്നെയുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയാണ്, മാതൃത്വം മേരി കോമിന് കൂടുതല്‍ കരുത്തു പകരുക മാത്രമാണ് ചെയ്തത്.

മേരിയുടെ ജീവിതം പ്രിയങ്ക ചോപ്രയിലൂടെ തിയ്യറ്ററിലേക്ക് എത്തിച്ച ചിത്രമായിരുന്നു ‘മേരി കോം’. ചിത്രത്തിലെ ടൈറ്റില്‍ ഗാനമായ ‘സിദ്ദി ഹേ’ മേരിയുടെ പോരാട്ട വീര്യത്തേയും വാശിയേയും കുറിച്ച് പറയുന്നതാണ്. അക്ഷരാര്‍ത്ഥത്തില്‍ മേരി ആ പാട്ടില്‍ പറയുന്നത് പോലൊരു വാശിക്കാരി തന്നെയായിരുന്നു. ഇല്ലായിരുന്നുവെങ്കില്‍ തന്റെ 35-ാമത്തെ വയസില്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞവരെയെല്ലാം മറി കടന്ന ആധികാരികമായി തന്നെ കിരീടം നേടാന്‍ മേരിയ്ക്ക് സാധിക്കുമായിരുന്നില്ല. തന്നേക്കാള്‍ 13 വയസ് കുറവുള്ള യുവത്വത്തിന്റെ ചുറുചുറുക്കുള്ള ഹന്ന ഒക്കോട്ടയെയാണ് മേരി കോം ഇടിച്ചിട്ടത്.

2010 ലായിരുന്നു മേരി അവസാനമായി ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത്. റൊമാനിയക്കാരിയായ സ്റ്റെലൂറ്റയായിരുന്നു മേരിയുടെ എതിരാളി. അന്ന് വിദഗ്ധരുടെ വോട്ടെല്ലാം റൊമാനിയന്‍ താരത്തിനായിരുന്നു. അവര്‍ക്കെല്ലാം സ്വര്‍ണം നേടിയാണ് മേരി മറുപടി നല്‍കിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ഹന്നയെ പരാജയപ്പെടുത്തിയത് വ്യക്തമായ ആധിപത്യത്തോടെയായിരുന്നു.

അഞ്ച് സ്വര്‍ണം നേടി കാറ്റി ടെയ്‌ലറിന്റെ റെക്കോര്‍ഡിന് ഒപ്പമായിരുന്നു മേരി. ഇന്നത്തെ സ്വര്‍ണത്തോടെ ആറ് സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരവും ചരിത്രത്തില്‍ തന്നെ ആറ് സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരവുമായി മേരി കോം മാറി. ഇതിന് മുമ്പ് ആറ് സ്വര്‍ണം നേടിയത് ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്‍ മാത്രമാണ്. മുന്നിലുള്ളത് 2022 ടോക്കിയോ ഒളിമ്പിക്‌സ് ആണെന്ന് മേരി വ്യക്തമാക്കി കഴിഞ്ഞു. പക്ഷെ ഒളിമ്പിക്‌സില്‍ 51 കിലോ ഗ്രാം വിഭാഗത്തിലായിരിക്കും മത്സരിക്കേണ്ടി വരിക. അതൊരു വെല്ലുവിളിയാണെങ്കിലും തനിക്കത് മറി കടക്കാനാകുമെന്ന് മേരി ഉറപ്പിച്ചു പറയുന്നു.

‘ആദ്യം തന്നെ, ഞാനെന്റെ ആരാധകരോട് നന്ദി പറയുന്നു. നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല. രാജ്യത്തിന് വേണ്ടി ഒരു സ്വര്‍ണം നേടുകയല്ലാതെ. എനിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയുമാണവര്‍ വന്നത്. ഞാനിന്ന് വളരയെധികം വികാരഭരിതയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 48 കിലോ ഗ്രാം വിഭാതത്തില്‍ മത്സരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല” മത്സരശേഷം മേരി കോം പറഞ്ഞു. ‘അതുകൊണ്ട് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കേണ്ടി വന്നു. വെല്ലുവിളായിരുന്നു അത്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമുണ്ടെങ്കില്‍ 2020 ല്‍ ടോക്കിയോ ഒളിമ്പിക്‌സിന് എനിക്ക് യോഗ്യത നേടാനാകും. റിയോയിലേക്ക് യോഗ്യത നേടായിരുന്നില്ല. ഇപ്പോഴും സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളുമുണ്ട്. 48 കിലോയില്‍ അനായാസം സ്വര്‍ണം നേടാനാകും. പക്ഷെ 51 ല്‍ ബുദ്ധിമുട്ടാണ്. മറ്റ് താരങ്ങളുടെ ഉയരമാണ് വെല്ലുവിളിയാവുക’യെന്നും മേരി കൂട്ടിച്ചേര്‍ത്തു.

മൂന്ന് കുട്ടികളുടെ അമ്മയാണ് മേരി. 2001 ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്നും 2018 ലെ ആറാം കിരീടത്തിലേക്ക് എത്തുമ്പോഴേക്കും താരമെന്ന നിലയിലും അമ്മയെന്ന നിലയിലും നേടിയ അനുഭവ സമ്പത്തും കരുത്തും മേരിയ്ക്ക് മുന്നോട്ടുള്ള വഴികളില്‍ വെളിച്ചമായി മാറി. രാജ്യത്തിന്റെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തിയ മേരിയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. നമുക്ക് കാത്തിരിക്കാം മേരി കോമിന്റെ പേര് ടോക്കിയോയില്‍ വിളിച്ചു പറയുന്നതിനായി, ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കുന്നതിനായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: World boxing championships twitterati congratulates magnificent mary kom on historic gold