ന്യൂഡൽഹി: ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പ് സെർബിയയിലേക്ക് മാറ്റി. 2021ൽ ഡൽഹിയിൽ മത്സരം നടത്തുന്നതിനായിരുന്നു ധാരണ. എന്നാൽ ഇത് സെർബിയയിലെ ബെൽഗ്രേഡിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര അമച്വർ ബോക്സിങ് അസോസിയേഷൻ (എഐബിഎ) അറിയിച്ചു.
Read More: അന്നേ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിരുന്നു; തീരുമാനത്തിന് പിന്നിൽ ഓസിസ് താരമെന്ന് യുവരാജ്
ആതിഥേയ രാജ്യത്തിനായുള്ള ഫീ അടക്കുന്നതിൽ ദേശീയ ബോക്സിങ് ഫെഡറേഷൻ വീഴ്ച വരുത്തിയതാണ് മത്സരം നടത്തുന്നതിനുള്ള അവകാശം ഇന്ത്യക്ക് നഷ്ടപ്പെടാൻ കാരണമെന്ന് എഐബിഎയുടെ പ്രസ്താവനയിൽ പറയുന്നു. “ആതിഥേയ നഗരത്തിനായുള്ള കരാറിൽ പറയുന്ന ഫീ അടക്കുന്നതിൽ ന്യൂഡൽഹി പരാജയപ്പെട്ടതിനാൽ എഐബിഎ കരാർ റദ്ദാക്കുകയാണ്. മത്സരം റദ്ദാക്കുന്നതിനുള്ള പിഴത്തുകയായി 500 ഡോളർ ഇന്ത്യ അടയ്ക്കണം. “- പ്രസ്താവനയിൽ പറയുന്നു.
2017ലാണ് ഡൽഹിയിൽ മത്സരം നടത്തുന്നതിനായി കരാറിലെത്തിയത്. സെർബിയയിൽ ചാമ്പ്യൻഷിപ്പിനു വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നും എഐബിഎയുടെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ ഇതുവരെ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പ് നടന്നിട്ടില്ല. ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കാനുള്ള ആദ്യ അവസരമാണ് ഇപ്പോൾ നഷ്ടപ്പെട്ടത്.
AIBA Men’s World Boxing Championships takes place in the city of Belgrade in 2021. pic.twitter.com/MCrYRDvO6r
— AIBA (@AIBA_Boxing) April 28, 2020
രണ്ടുവർഷം കൂടുമ്പോഴാണ് എഐബിഎയുടെ അന്താരാഷ്ട്ര അമച്വർ ബോക്സിങ് ലോക ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്.പുരുഷ വിഭാഗത്തിൽ 52, 57, 63, 69, 75, 81, 91 കിലോഗ്രാം വിഭാങ്ങളിലും 91 കിലോഗ്രാമിനു മുകളിലുള്ളവർക്കുമുള്ള മത്സരങ്ങളാണ് നടക്കുക.
Read More: ‘അന്ന് എൻ്റെ ഷൂകളിൽ അഡിഡാസ് എന്നെഴുതി, ഇന്ന് അഡിഡാസ് എന്റെ പേരുള്ള ഷൂ പുറത്തിറക്കുന്നു’ – ഹിമ ദാസ്
കഴിഞ്ഞ വർഷം റഷ്യയിലെ യെകാറ്ററിൻബർഗിലായിരുന്നു മത്സരം. ചാമ്പ്യൻ ഷിപ്പിന്റെ 21ആം പതിപ്പാണ് ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്നത്. 1974ൽ ക്യൂബയിലെ ഹവാനയിലായിരുന്നു ആദ്യ ചാമ്പ്യൻഷിപ്പ്.