ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര സ്വര്‍ണവുമായി ഇന്ത്യന്‍ ഇതിഹാസ താരം മേരി കോം തിളങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച് സോണിയ ചാഹൽ. 57 കിലോഗ്രാം വിഭാഗം ഫൈനലില്‍ ജർമ്മനിയുടെ വാണർ ഓർനെല്ലയോടാണ് സോണിയ പരാജയപ്പെട്ടത്. സ്പ്ലിറ്റ് തീരുമാനത്തിൽ 1-4നാണ് സോണിയയുടെ തോൽവി.
യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് സ്വന്തമാക്കിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ മേരിയുടെ ആകെ മെഡലെണ്ണം ഏഴായി. ആറ് തവണ സ്വർണം നേടുന്ന ആദ്യ വനിതയാണ് മേരി കോം.
മേരി കോമിന് പിന്നാലെ സോണിയായും മെഡൽ സമ്മാനിച്ചതോടെ ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ സമ്പാദ്യം നാലായി. ഒരു സ്വർണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നില. നേരത്തെ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും സെമിയിൽ തോറ്റെങ്കിലും വെങ്കലം നേടുകയായിരുന്നു.
2006ന് ശേഷം ആദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. 2006 ൽ ന്യുഡൽഹിയിൽ തന്നെ നടന്ന ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് പ്രകടനമാണ് ഇന്ത്യ നടത്തിയത്. നാല് സ്വർണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും അന്ന് ഇന്ത്യ സ്വന്തമാക്കിയത്.