ഒറിഗോൺ: ടോക്കിയോ ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ചരിത്ര നേട്ടവുമായി നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ നേടി. നിലവിലെ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്‌സ് സ്വർണം നിലനിർത്തി.
മൂന്നാം റൗണ്ടിൽ 88.13 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി ഉറപ്പിച്ചത്. 90.46 മീറ്റർ എറിഞ്ഞാണ് ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്‌സന്റെ സ്വർണ നേട്ടം. അതേസമയം ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാൻ കഴിഞ്ഞുള്ളു.
വെള്ളി മെഡൽ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷ താരമായി മാറിയിരിക്കുകയാണ് നീരജ്. 2003ലെ പാരീസ് ലോക ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഒരു ഇന്ത്യന്‍ താരം മെഡലണിയുന്നതും ഇതാദ്യമാണ്.
നേരത്തെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ എറിഞ്ഞു രണ്ടാം സ്ഥാനക്കാരനായാണ് നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്.