ലണ്ടന്‍: ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ദാവീന്ദര്‍ സിങ്ങിന് ചരിത്ര നേട്ടം. ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ദാവീന്ഗര്‍ ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിരാശപ്പെടുത്തിയപ്പോഴാണ് ദാവീന്ദറിന്റെ മുന്നേറ്റം.

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ദാവീന്ദര്‍ തോളിനേറ്റ പരിക്കിനെ അതിജീവിച്ചാണ് ഫൈനലിലെത്തിയത്. യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തില്‍ ഇന്ത്യന്‍ താരം മറികടന്നു. ആദ്യം 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് പഞ്ചാബ് താരം പിന്നിട്ടത്.

ആകെ 13 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതില്‍ ഏഴാം സ്ഥാനക്കാരനായാണ് ദാവീന്ദര്‍ ഫൈനലിലെത്തിയത്. ഗ്രൂപ്പ് എയില്‍ നിന്ന് അഞ്ചു പേരും ഗ്രൂപ്പ് ബിയില്‍ നിന്ന് ഏഴു പേരും. ശനിയാഴ്ച്ചയാണ് ഫൈനല്‍ നടക്കുക. ഭുവനേശ്വറില്‍ നടന്ന എഷ്യന്‍ അത്‌ല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ എറിഞ്ഞ് നീരജ് സ്വര്‍ണവും 83.29 മീറ്റര്‍ പിന്നിട്ട ദാവീന്ദര്‍ വെങ്കലവും നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ