ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യയുടെ റിലേ ടീമിന് മെഡല്‍ സ്വന്തമാക്കാനായില്ല. മിക്‌സഡ് 4*400 റിലേയില്‍ ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്.

മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി.കെ.വിസ്മയ, ജിസ്‌ന മാത്യു, നിര്‍മല്‍ നോഹ ടോം എന്നിവരാണ് ഇന്ത്യയ്ക്കായി ബാറ്റണേന്തിയത്. ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ റിലേയില്‍ ഇന്ത്യന്‍ ടീം 1600 മീറ്റര്‍ ഫിനിഷ് ചെയ്തത് 3 മിനിറ്റ് 15.77 സെക്കന്‍ഡിലാണ്. സീസണിലെ മികച്ച സമയമാണിത്.

Read Also: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം

ആദ്യം ഇറങ്ങിയ അനസ് ബാറ്റണുമായി മികച്ച കുതിപ്പ് നടത്തി. അനസില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ച വിസ്മയക്ക് മികച്ച രീതിയില്‍ ഓടാന്‍ സാധിച്ചില്ല. പിന്നീട് വിസ്മയ ബാറ്റണ്‍ നല്‍കിയത് ജിസ്‌നയ്ക്കാണ്. ഇരുവരും ബാറ്റണ്‍ കൈമാറുന്നതിനിടയിലും പാളിച്ചയുണ്ടായി. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അവസാന പാദത്തില്‍ നിര്‍മല്‍ മികച്ച രീതിയില്‍ ഓടിയെങ്കിലും ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

The Indian quartet drew the loudest cheers when they stepped out for the final in Doha on Sunday. (Screengrab)

മൂന്ന് മിനിറ്റ് 9.34 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത അമേരിക്ക ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. അമേരിക്കന്‍ താരമായ അലിസൺ ഫെലിക്‌സ് ലോക ചാംപ്യന്‍ഷിപ്പിലെ 12-ാം സ്വര്‍ണവുമായി ചരിത്രനേട്ടത്തിലെത്തി.

അതേസമയം, ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍  ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗറാണിയായി. ഇന്നലെ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡുകൊണ്ട് ലക്ഷ്യം താണ്ടിയാണ് ഷെല്ലി ജേത്രിയായത്.

സെമി ഫൈനലില്‍ 10.81 സെക്കന്‍ഡും ആദ്യ റൗണ്ടില്‍ 10.80 സെക്കന്‍ഡുമായിരുന്നു 32 കാരിയായ ഷെല്ലി ആന്‍ഫ്രേസര്‍ കുറിച്ച സമയം. എട്ടാം ലോക കിരീടമാണ് ആന്‍ഫ്രേസര്‍ നേടുന്നത്. ഇതോടെ നൂറ് മീറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന വനിതാ താരമെന്ന ബഹുമതി ആന്‍ഫ്രേസര്‍ സ്വന്തമാക്കി.

Read Also: Horoscope Today September 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ബ്രിട്ടീഷ് താരം ദിന ആഷര്‍ സ്മിത്ത് വെള്ളിയും ഐവറി കോസ്റ്റ് താരം മരിയ ഹോസ ടാലൂ വെങ്കലവും നേടി. ആഷര്‍ സ്മിത്ത് 10.83 സെക്കന്‍ഡും മരിയ ഹോസെ 10.90 സെക്കന്‍ഡുമാണ് 100 മീറ്റര്‍ ഓടിയെത്താന്‍ എടുത്തത്.

കഴിഞ്ഞ ദിവസം നടന്ന ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലെ പുരുഷവിഭാഗം 100 മീറ്റർ ഓട്ടത്തിൽ അമേരിക്കന്‍ താരം കോള്‍മനാണ് സ്വര്‍ണം സ്വന്തമാക്കിയത്. 9.76 സെക്കന്‍ഡിലാണ് കോള്‍മന്‍ ലക്ഷ്യത്തിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook