ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ദോഹയിലാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന കായിക മേള. 24 ഇനങ്ങളിലായി 209 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം കായികതാരങ്ങൾ മാറ്റുരയ്ക്കും. 27 പേരടങ്ങുന്ന ഇന്ത്യൻ സംഘവും മേളയിൽ മാറ്റുരയ്ക്കും. പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.
എയർക്കണ്ടീഷൻ ചെയ്ത ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ മുഖ്യവേദി. ഒരേസമയം 46000 കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഇതേ സ്റ്റേഡിയത്തിലാണ് 2006ൽ ഏഷ്യൻ ഗെയിംസ് നടന്നത്. 2017ൽ സ്റ്റേഡിയം പുതുക്കി പണിതിരുന്നു. പുനർനിർമ്മാണത്തിന് ശേഷം സ്റ്റേഡിയത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കായിക മേളയാണിത്. 2022 ഖത്തർ ലോകകപ്പിനും വേദിയാകുന്നത് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ്.
ചിത്രയ്ക്ക് പുറമെ മലയാളിതാരം ജിൻസൺ ജോൺസൺ, അനസ്, ഗോപി കെ.ടി.ഇര്ഫാന് എന്നിവരും ടീമിലുണ്ട്. 1500 മീറ്ററിലാണ് പി.യു.ചിത്രയും ജിൻസൺ ജോൺസണും മത്സരിക്കുന്നത്. കെ ടി ഇര്ഫാന് 20 കിലോമീറ്റർ നടത്തത്തിൽ മത്സരിക്കും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിര്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ളെ എന്നിവർ ഇന്ത്യക്കായി ഇറങ്ങുമ്പോൾ 20 കിലോമീറ്റർ നടത്തത്തിൽ ദേവേന്ദര്‍ സിങ്ങും ഇന്ത്യക്കായി ഇറങ്ങുന്നുണ്ട്. മാരത്തണില്‍ ടി ഗോപി, ലോങ് ജംപില്‍ എം ശ്രീശങ്കര്‍, ഷോട്ട്പുട്ടില്‍ തജീന്ദര്‍ പാല് സിങ് ടൂര്‍, ജാവലിനില്‍ ശിവ്പാല്‍ സിങ്, 4x400m റിലേ, മിക്സഡ് റിലേയില്‍ മുഹമ്മദ് അനസ്, നിര്‍മ്മല്‍ നോ-അ ടോം, അലക്സ് ആന്റണി, അമോജ് ജേക്കബ്, കെഎസ് ജീവന്, ധരുണ്‍ അയ്യാസ്വാമി. ഹര്‍ഷ് കുമാര്‍ എന്നിവരാണ് മത്സരിക്കുന്ന പുരുഷ താരങ്ങള്‍.
മലയാളിയായ വി.കെ.വിസ്മയയാണ് ടീമിലെ മറ്റൊരു ശ്രദ്ധേയതാരം. ഇന്ത്യയുടെ ഗോൾഡൻ ഗേൾ ഹിമദാസും ഇന്ത്യക്കായി ട്രാക്കിലിറങ്ങും. പൂവമ്മ എംആര്‍, ജിസ്ന മാത്യു, രേവതി വി, സുഭ വെങ്കടേശന്, വിദ്യ ആര്, അന്നു റാണി എന്നിവരാണ് മത്സരിക്കുന്ന വനിത താരങ്ങള്‍.