ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍. ഇന്നലെ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡുകൊണ്ട് ലക്ഷ്യം താണ്ടിയാണ് ഷെല്ലി ജേത്രിയായത്.
സെമി ഫൈനലില്‍ 10.81 സെക്കന്‍ഡും ആദ്യ റൗണ്ടില്‍ 10.80 സെക്കന്‍ഡുമായിരുന്നു 32 കാരിയായ ഷെല്ലി ആന്‍ഫ്രേസര്‍ കുറിച്ച സമയം. എട്ടാം ലോക കിരീടമാണ് ആന്‍ഫ്രേസര്‍ നേടുന്നത്. ഇതോടെ നൂറ് മീറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന വനിതാ താരമെന്ന ബഹുമതി ആന്‍ഫ്രേസര്‍ സ്വന്തമാക്കി.
ബ്രിട്ടീഷ് താരം ദിന ആഷര്‍ സ്മിത്ത് വെള്ളിയും ഐവറി കോസ്റ്റ് താരം മരിയ ഹോസ ടാലൂ വെങ്കലവും നേടി. ആഷര്‍ സ്മിത്ത് 10.83 സെക്കന്‍ഡും മരിയ ഹോസെ 10.90 സെക്കന്‍ഡുമാണ് 100 മീറ്റര്‍ ഓടിയെത്താന്‍ എടുത്തത്.
Read Also: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; ക്രിസ്റ്റ്യന്‍ കോള്മന് വേഗരാജാവ്
കഴിഞ്ഞ ദിവസം നടന്ന ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലെ പുരുഷവിഭാഗം 100 മീറ്റർ ഓട്ടത്തിൽ അമേരിക്കന്‍ താരം കോള്‍മനാണ് സ്വര്‍ണം സ്വന്തമാക്കിയത്. 9.76 സെക്കന്‍ഡിലാണ് കോള്മന് ലക്ഷ്യത്തിലെത്തിയത്.
നൂറു മീറ്റര്‍ ഓട്ടത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫിനിഷിങ്ങാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിനിഷിങ്ങുകള്‍ ആറാമത്തെയും. 9.58 സെക്കന്‍ഡുകള്‍ കൊണ്ട് 100 മീറ്റര്‍ ഓടി തീര്‍ത്ത ഉസൈന്‍ ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.
ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ അമേരിക്കയുടെ തന്നെ ജസ്റ്റിന് ഗാറ്റ്ലിന് രണ്ടാം സ്ഥാനത്തും കാനഡയുടെ ആന്‍ഡ്രി ദേ ഗ്രാസേ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഹീറ്റ്സില്‍ കോള്മന് ഫിനിഷ് ചെയ്തത് 9.98 സെക്കന്‍ഡിലും സെമിയില്‍ ഫിനിഷ് ചെയ്തത് 9.88 സെക്കന്‍ഡിലുമാണ്.