പെപ്‌സി കോളയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി വിസമ്മതിച്ച സംഭവം നേരത്തേ തന്നെ വാർത്തയായിരുന്നു. താൻ ഉപയോഗിക്കാത്ത വസ്തുക്കളുടെ പരസ്യം ചെയ്യാൻ താരത്തിന് താത്പര്യമില്ലെന്ന് പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി ഇന്ത്യൻ ടീം നായകൻ തന്നെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

“എനിക്ക് വിശ്വാസമുള്ളതും ഉപയോഗിക്കുന്നതുമായ ബ്രാന്റുകളുടെ പരസ്യത്തിൽ മാത്രമേ ഇനി മുതൽ അഭിനയിക്കൂ”, കോഹ്ലി പറഞ്ഞു.

ഇക്കണോമിക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. “പെപ്‌സിയുമായുള്ള കരാർ അവസാനിപ്പിച്ച ശേഷവും ഞാൻ ഉപയോഗിക്കാത്ത നിരവധി ബ്രാന്റുകൾ ഓഫറുമായി വന്നിരുന്നു. പക്ഷെ ഒന്നും സ്വീകരിച്ചില്ല”, അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും ആകർഷകമായ കായിക താരങ്ങളുടെ പോർട്ട്ഫോളിയോകളിൽ ഒന്നായി ഈയിടെ കോഹ്ലിയെ ഫോർബ്‌സ് മാസിക വിശേഷിപ്പിച്ചിരുന്നു. ഒരു മദ്യ ബ്രാന്റിന്റെ പരസ്യത്തിൽ താരം അഭിനയിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, “ഞാൻ അവരുടെ എനർജി ഡ്രിങ്കിന്റെ പരസ്യത്തിൽ മാത്രമാണ് അഭിനയിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും അധികം സമ്പാദ്യമുള്ള 100 കായികതാരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ കായികതാരമാണ് കോഹ്ലി. റോയൽ ചാലഞ്ചേഴ്സ് ബെംഗലൂരുവിന് വേണ്ടി കളിക്കുന്നതടക്കം അദ്ദേഹത്തിന് ലഭിക്കുന്ന ആകെ വരുമാനം 22 ദശലക്ഷം ഡോളറാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ