ഓക്ലന്‍ഡ്: വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പാക്കിസ്ഥാനെ 107 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ പോരാട്ടം 137 റണ്‍സില്‍ അവസാനിച്ചു. 59 പന്തില്‍ 67 റണ്‍സ് നേടി ഇന്ത്യക്ക് കരുത്തേകിയ പൂജ വസ്ത്രാര്ക്കറാണ് കളിയിലെ താരം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ഷെഫാലി വെര്‍മയെ നഷ്ടമായിരുന്നു. എന്നാല്‍ സ്മ്യതി മന്ദാനയും ദീപ്തി ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി. രണ്ടാം വിക്കറ്റില്‍ 92 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 40 റണ്‍സെടുത്ത് ദീപ്തി പുറത്തായതിന് പിന്നാലെ സ്മ്യതിയും മടങ്ങി. 75 പന്തില്‍ 52 റണ്‍സായിരുന്നു സ്മ്യതിയുടെ സമ്പാദ്യം.
പിന്നാലെയെത്തിയ മിതാലി രാജ് (9), ഹര്‍മന്‍പ്രീത് കൗര്‍ (5), റിച്ചാ ഘോഷ് (1) എന്നിവര്‍ അതിവേഗം മടങ്ങിയതോടെ ഇന്ത്യ 114-6 എന്ന നിലയിലേക്ക് എത്തി. സ്നെ റാണയും പൂജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിന് പുതുജീവന്‍ നല്‍കുകയായിരുന്നു. പിടിച്ചു നില്ക്കല് മാത്രമായിരുന്നില്ല ഇരുവരും ചെയ്തത്. അനായാസം സ്കോറിങ്ങിന് വേഗവും കൂട്ടി.
48 പന്തില്‍ 53 റണ്‍സായിരുന്നു സ്നേ നേടിയത്. നാല് ഫോറുകള്‍ ഉള്‍പ്പെട്ടു. 67 റണ്‍സെടുത്ത പൂജയുടെ ഇന്നിങ്സില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെട്ടു. അവസാന ഓവറിന്റെ ആദ്യ പന്തിലാണ് പൂജ മടങ്ങിയത്. പിന്നീട് എട്ട് റണ്‍സ് ചേര്‍ത്ത് ജുലാന് ഗോസ്വാമിയും സ്നേയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 240 കടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഒരു ഘട്ടത്തിലും ആധിപത്യം പുലര്‍ത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായി. നാല് വിക്കറ്റ് നേടിയ രാജേശ്വരി ഗെയ്ക്വാദ്, രണ്ട് വിക്കറ്റ് വീതം നേടിയ ജുലാന് ഗോസ്വാമി, സ്നേ റാണ എന്നിവരാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്.
സിദ്ര അമീന് (30), ഡയാന ബെയ്ഗ് (24) എന്നിവരാണ് പാക്കിസ്ഥാന്റെ പ്രധാന സ്കോര്‍മാര്‍. മാര്‍ച്ച് 10 ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Also Read: ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി; കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ജഡേജ