ഓക്ക്‌ലാൻഡ്: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റൺസ് ജയം. ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 40.3 ഓവറില്‍ 119 റണ്‍സിന് പുറത്താവുകയായിരുന്നു. പത്ത് ഓവറിൽ നാല് വിക്കറ്റ് മാത്രം നേടി നാല് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
32 റൺസെടുത്ത സൽമ ഖാതുന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ലത മൊണ്ടൽ (24), മുർഷിത ഖാതുൻ (19), റിതു മോണി (16) എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ അൽപമെങ്കിലും തിളങ്ങിയത് മറ്റാരും രണ്ടക്കം കടന്നില്ല. ഇന്ത്യയ്ക്കായി ജുലൻ ഗോസ്വാമി, പൂജ വസ്ത്രകർ എന്നിവർ വഴങ്ങി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദ്, പൂണം യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ഇന്ത്യ, യാസ്തിക ഭാട്ടിയ (50), ഷഫാലി വർമ (42), സ്മൃതി മന്ധന (30) പൂജ വസ്ത്രകർ (30), സ്നേഹ് റാണ (27), റിച്ച ഘോഷ് (26) എന്നിവരുടെ പ്രകടനത്തിന്റെ മികവിലാണ് ഭേദപ്പെട്ട സ്കോർ കുറിച്ചത്. കക്യാപ്റ്റൻ മിതാലി രാജ് ആദ്യ പന്തിൽ പുറത്തായി. മിതാലിയുടെ കരിയറിലെ രണ്ടാം ഗോൾഡൻ ഡക്കാണിത്.
ജയത്തോടെ പോയിന്റ് പട്ടിയകയിൽ ഇന്ത്യ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് മുന്നിൽ. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും മറ്റു രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക തോല്‍ക്കുകയും ചെയ്താൽ ഇന്ത്യയ്ക്കു സെമി ഉറപ്പിക്കാം. നിലവിൽ ഓസ്ട്രേലിയ സെമി ഉറപ്പിച്ചിട്ടുണ്ട്.