ലണ്ടൻ: വനിത ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തിൽ ഇന്ത്യൻ ടീം ഇന്ന് ഓസ്ട്രേലിയയെ നേരിടും. ലോകകപ്പിൽ​ ഇതുവരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഓസ്ട്രേലിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം ഇടയ്ക്ക് പതറിയെങ്കിലും തിളക്കമാർന്ന പ്രകടനമാണ് മിഥാലി രാജിന്റെ നേത്രത്വത്തിലുള്ള ഇന്ത്യൻ ടീം കാഴ്ചവച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം.

പരിചയ സമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന ഇന്ത്യൻ സംഘം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മിഥാലി രാജും , ജൂലൻ ഗോസ്വാമിയും അവരുടെ മികവ് പുറത്തെടുത്തപ്പോൾ സ്മൃതി മന്ദാന, വേദ കൃഷ്ണമൂർത്തി, ഹർമ്മൻപ്രീത് കൗർ, രാജേശ്വരി ഗേയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ബാറ്റിങ്ങിൽ മിഥാലി രാജിന്റെ പ്രകടനം തന്നെയാണ് നിർണ്ണായകമാവുക. ആദ്യ മത്സരങ്ങളിലെ മികവ് പുറത്തെടുക്കാനായാൽ സ്മൃതി മന്ദാനയും കങ്കാരുകക്കൾക്ക് വെല്ലുവിളിയാകും. ഇംഗ്ളീഷ് പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനം നാളെത്തെ മത്സരത്തിൽ നിർണ്ണായകമാകും. ദീപ്തി ശർമ്മ, രാജേശ്വരി ഗേയ്ക്വാദ് എന്നിവർ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളിയാകും.

എന്നാൽ ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ ബാറ്റിങ്ങ് കരുത്ത് അനിഷേധ്യമാണ്. ബേത്ത് മൂണി, നിക്കോൾ ബോൾട്ടൺ തുടങ്ങിയ പ്രമുഖതാരങ്ങൾ എല്ലാം തകർപ്പൻ ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് എതിരായി നേടിയ ആധികാരിക വിജയവും ഓസീസിന് ആത്മവിശ്വാസം പകരും.

ഇന്നലെ നടന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ