വനിതാ ടി20 ലോകകപ്പിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ്മ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർത്തിരിക്കുകയാണ്. ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷഫാലി വർമ്മ. ടി20-ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ ഇത്രയും പ്രായം കുറഞ്ഞ താരം പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും ഫൈനൽ കളിച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. 16 വയസും 40 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി ബാറ്റേന്തുന്നത്.

വെസ്റ്റ് ഇൻഡീസ് വനിത താരം ഷഖ്വാന ക്വിന്റെയിന്റെ റെക്കോർഡാണ് ഷഫാലി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്. 2013 ഏകദിന ലോകകപ്പ് കളിക്കുമ്പോൾ വിൻഡീസ് താരത്തിന്റെ പ്രായം 17 വയസും 45 ദിവസവുമായിരുന്നു.

ടൂർണമെന്റിൽ മിന്നും ഫോമിൽ കളിച്ച ഷഫാലിയുടെ മികവിലാണ് ഇന്ത്യ ഫൈനൽ വരെയെത്തിയത്. എന്നാൽ ഫൈനലിൽ ഷഫാലിക്ക് കാലിടറി. മൂന്ന് പന്തുകൾ നേരിട്ട ഷഫാലി രണ്ട് റൺസുമായി കൂടാരം കയറി. ഷഫാലി പുറത്തായതിന് പിന്നാലെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞതോടെ ഇന്ത്യ ഫൈനലിൽ പരാജയപ്പെടുകയും ചെയ്തു.

ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 163 റൺസാണ് ഷഫാലി അടിച്ചെടുത്തത്. റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് ഷഫാലി. ടൂർണമെന്റിലാകെ 18 ഫോറും ഒമ്പത് സിക്സും പായിച്ച ഷഫാലി ഏറ്റവും അക്രമണകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു.

ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്ക് കലാശപോരാട്ടത്തിൽ തന്നെ പകരം വീട്ടി ഓസ്ട്രേലിയ മറുപടി നൽകിയപ്പോൾ 85 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. നാല് ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 33 റൺസെടുത്ത ദീപ്തി ശർമ ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ ഷഫാലിയും സ്മൃതിയുമടങ്ങുന്ന ബാറ്റിങ് നിര നിരാശപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook