മെൽബൺ: കൗമാരതാരം ഷഫാലിയുടെ ബാറ്റിങ് മികവിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയിച്ച് ഇന്ത്യ വനിതാ ടി20 ലോകകപ്പ് സെമിയിലേക്ക്. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് ഓവർ ബാക്കി നിൽക്കെ വിജയത്തിലെത്തി. നാല് വിക്കറ്റ് വീഴ്ത്തിയ രാധ യാദവും 47 റൺസുമായി തിളങ്ങിയ ഷഫാലി വർമ്മയുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ടീം സ്കോർ 12ൽ എത്തിയപ്പോൾ തന്നെ ഓപ്പണർ ഉമേഷയെ ദീപ്തി മടക്കി. പിന്നാലെയെത്തിയ ഹർഷിതയെ ഗയ്ക്വാദും കൂടാരം കയറ്റി. നായിക ചമാരി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികനേരം ക്രീസിൽ നിലയുറപ്പിക്കാൻ സാധിക്കാതെ വന്നതോടെ ശ്രീലങ്ക തകർച്ചയിലേക്ക് വീണു.
ശ്രീലങ്കൻ നിരയിൽ നാല് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. വാലറ്റത്ത് കവിശ ദിഹാരിയുടെ പ്രകടനമാണ് ശ്രീലങ്കൻ സ്കോർ മൂന്നക്കം കടത്തിയത്. 16 പന്തിൽ 25 റൺസാണ് താരം നേടിയത്. 33 റൺസെടുത്ത നായിക ചമാരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. നിരന്തരം ബൗണ്ടറികൾ പായിച്ച് ശ്രീലങ്കൻ ബോളർമാരുടെ സകല പ്രതീക്ഷയും അവസാനിപ്പിച്ച ഇരുവരും ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു. എന്നാൽ 17 റൺസെടുത്ത മന്ദാനയെ പുറത്താക്കി പ്രബോദിനി ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചു.
സ്ഥാനക്കയറ്റത്തിലൂടെ മൂന്നാം നമ്പരിലെത്തിയ ഹർമൻപ്രീത് കൗറും തകർത്തടിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 14 പന്തിൽ 15 റൺസുമായി നായിക പുറത്തായതിന് പിന്നാലെ ഷഫാലിയും കൂടാരം കയറി. 34 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 47 റൺസാണ് ഷഫാലി അടിച്ചെടുത്തത്. 11-ാം ഓവറിൽ ഡബിൾസിനായി ഓടിയ ഷഫാലിയെ കവിശയും അനുഷ്കയും ചേർന്ന് റൺഔട്ടിലൂടെ പുറത്താക്കുകയായിരുന്നു.
Scores of 16-year-old #shafaliverma in #T20WorldCup2020
29 from 15 (193.33 strike rate)
39 from 17 (229.41 strike rate)
46 from 34 (135.29 strike rate)
47 from 34 (138.24 strike rate)– Second highest run-getter.
– Second most fours.
– Most sixes.
– Most strike rate.#INDvSL pic.twitter.com/kk6peHXuOL— Not Bad (@CvaKadaikutty) February 29, 2020
എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ജെമിമ റോഡ്രിഗസ്-ദീപ്തി ശർമ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15 റൺസ് വീതം നേടിയ ഇരുവരും പുറത്താകാതെ നിന്നു.
നേരത്തെ ലോകകപ്പ് സെമി ഉറപ്പിച്ച ഇന്ത്യ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരവും വിജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് ലോകകപ്പ് സെമിയിലിറങ്ങാനൊരുങ്ങുന്നത്. കരുത്തരായ ഓസ്ട്രേലിയയെയും ന്യൂസിലൻഡിനെയും തകർത്ത ഇന്ത്യ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ആധികാരിക ജയവുമായാണ് ടൂർണമെന്റിലെ ഫേവറേറ്റുകളെന്ന വിശേഷണത്തിന് അടിവരയിടുന്നത്.