സിഡ്നി: വനിതാ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് റൺസിന് പരാജയപ്പെടുത്തിയാണ് ആതിഥേയർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. രണ്ടാം സെമിയിലും മഴ കളിച്ചതോടെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 98 റൺസായി വിജയലക്ഷ്യം പുനർനിശ്ചിയിച്ച മത്സരത്തിൽ പ്രൊട്ടീയാസ് ഇന്നിങ്സ് 92 റൺസിന് അവസാനിച്ചു.
നായിക മെഗ് ലാന്നിങ്ങിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കങ്കാരുക്കളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 18 റൺസെടുത്ത അലിസ ഹീലി യും 28 റൺസെടുത്ത ബെത്ത് മൂണിയും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഇരുവരും പുറത്തായതിന് പിന്നാലെ മെഗ് ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച മെഗ് ലാന്നിങ് 49 പന്തിൽ 49 റൺസ് നേടി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 17 റൺസുമായി റേച്ചൽ ഹെയ്ൻസും മികച്ച പിന്തുണ നൽകിയതോടെ ഓസ്ട്രേലിയ 134 റൺസിലെത്തി.
മറുപടി ബാറ്റിങ്ങിൽ ലോറയുടെ ചെറുത്തുനിൽപ്പ് മാത്രമാണ് പ്രൊട്ടീയാസുകൾക്ക് ആശ്വാസമായത്. ടീം സ്കോർ 24ൽ എത്തിയപ്പോൾ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്ക വൻതകർച്ചയിലിക്ക് വീണു. ഇതിനിടയിൽ രസം കൊല്ലിയായി എത്തിയ മഴ ദക്ഷിണാഫ്രിക്കയുടെ അവശേഷിച്ച പ്രതീക്ഷകൾ കൂടിയാണ് മായിച്ചു കളഞ്ഞത്. 27 പന്തിൽ 41 റൺസ് നേടിയ ലോറയുടെ പ്രകടനം വിഫലം.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട് മമത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യ ഫൈനലിന് യോഗ്യത നേടുകയായിരുന്നു. തങ്ങളുടെ അഞ്ചാം കിരീടം തേടിയാണ് ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിനിറങ്ങുക. നേരത്തെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാകും ഫൈനൽ.