മെൽബൺ: ഇന്ത്യയെ മൂന്നക്കം പോലും കടക്കാൻ അനുവദിക്കാതെ അഞ്ചാം ലോകകിരീടം ഉയർത്തി ഓസ്ട്രേലിയ. കലാശപോരാട്ടത്തിൽ 85 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. കങ്കാരുപ്പട ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 99 റൺസിന് പുറത്തായി. ലോകകപ്പിൽ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യയ്ക്ക് അവസാന മത്സരത്തിൽ പരാജയം. ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്ക് കലാശപോരാട്ടത്തിൽ തന്നെ പകരം വീട്ടി ഓസ്ട്രേലിയയുടെ മറുപടി. തോറ്റെങ്കിലും തലയുയർത്തി തന്നെ ഇന്ത്യൻ വനിതകളും.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. നാല് ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 33 റൺസെടുത്ത ദീപ്തി ശർമ ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ ഷഫാലിയും സ്മൃതിയുമടങ്ങുന്ന ബാറ്റിങ് നിര നിരാശപ്പെടുത്തി. ടീം സ്കോർ രണ്ടിൽ നിൽക്കെ ഷഫാലി പുറത്ത് പിന്നാലെ എത്തിയ താനിയ റിട്ടയർഡ് ഹർട്ടായപ്പോൾ ജെമിമ റോഡ്രിഗസിന് അക്കൗണ്ട് തുറക്കാൻ പോലുമായില്ല.

ചെറുത്തുനിൽപ്പിന് ശ്രമിക്കുന്നതിനിടയിൽ സ്മൃതി മന്ദാനയും പുറത്ത്. ഹർമൻപ്രീത് കൗർ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ദീപ്തി ശർമയും വേദ കൃഷ്ണമൂർത്തിയും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കുന്നതിൽ പരാജയപ്പെട്ടു.

Shafali verma, Indian women vs australia women, women t20 world cup, ഇന്ത്യ, ഓസ്ട്രേലിയ, live score, shafali varma, ഷഫാലി വഞ്ഞമ, ie malayalam, ഐഇ മലയാളം

33 റൺസുമായി ദീപ്തിയും 19 റൺസ് നേടിയ വേദയും മടങ്ങിയതോടെ റിച്ചാ ഘോഷിന്റെ ശ്രമം. എന്നാൽ 18ൽ റിച്ചയും വീണതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. 20-ാം ഓവറിന്റെ ആദ്യ പന്തിൽ പൂനം യാദവിനെ പുറത്താക്കി മേഗൻ ഷട്ട് തന്നെ ഇന്ത്യൻ ഇന്നിങ്സിനും ഷട്ടറിട്ടു. ഷട്ട് നാല് വിക്കറ്റ് നേടിയപ്പോൾ ജെസ്സ് ജോനാസെൻ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

ഓപ്പണർമാർ വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 185 റൺസ് വിജയലക്ഷ്യമാണ് ഓസ്ട്രേലിയ ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെന്ന സ്കോറിലെത്തിയത്. ഓപ്പണർമാരായ എലിസ ഹീലിയും ബെത്ത് മൂണിയും കങ്കാരുപ്പടയ്ക്കായി അർധസെഞ്ചുറി തികച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായിക മെഗ് ലാന്നിങ്ങിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരുടെ പ്രകടനം. ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി പായിച്ച ഹീലി-മൂണി സഖ്യം അതിവേഗം സ്കോർബോർഡ് ഉയർത്തി.

ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഓസ്ട്രേലിയ കുതിപ്പിന് കടിഞ്ഞാണിട്ടത് 12-ാം ഓവറിൽ രാധ യാദവായിരുന്നു. 39 പന്തിൽ 75 റൺസെടുത്ത ഹീലിയെ രാധ വേദ കൃഷ്ണമൂർത്തിയുടെ കൈകളിൽ എത്തിച്ചു. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്സ്. മത്സരത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഒരു സാഹചര്യമുയർന്നത് അപ്പോഴാണ്.

എന്നാൽ മൂന്നാം നമ്പരിലെത്തിയ നായിക മെഗ് ലാന്നിങ്ങിനെ കൂട്ടുപിടിച്ച് ബെത്ത് മൂണി അക്രമണം തുടർന്നു. അതേസമയം 17-ാം ഓവറിൽ പന്തെറിയാനെത്തിയ ദീപ്തി ശർമ രണ്ട് വിക്കറ്റുമായി ഇന്ത്യയെ മതത്സരത്തിലക്ക് തിരികെയെത്തിച്ചു. മെഗ് ലാന്നിങ്ങിനെ ശിഖ പാണ്ഡെയുടെ കൈകളിൽ എത്തിച്ച ദീപ്തിയുടെ അഞ്ചാം പന്തിൽ ആഷ്ലി ഗാർഡ്നറെ താനിയ ഭാട്ടിയ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. ഇതോടെ ഓസ്ട്രേലിയയുടെ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു.

പുറത്താകാതെ നിന്ന ബെത്ത് മൂണി 54 പന്തിൽ 78 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. പത്ത് ഫോറാണ് താരം പായിച്ചത്. റേച്ചൽ ഹെയ്ൻസ് നാല് റൺസുമായി കൂടാരം കയറിയപ്പോൾ നിക്കോള കരേ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശർമ രണ്ട് വിക്കറ്റ് നേടിയപ്പോൾ പൂനം യാദവ് രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook