പെർത്ത്: ചരിത്രമെഴുതി ഇന്ത്യയുടെ പെൺപട ലോകകപ്പിന്റെ ഫൈനലിലേക്ക് തങ്ങളുടെ കന്നിവരവ് അടയാളപ്പെടുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ സെമിയിൽ മഴ കളിച്ചതോടെ മത്സരം ഉപേക്ഷിക്കുകയും ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യ ഫൈനലിന് നേരിട്ട് യോഗ്യത നേടുകയുമായിരുന്നു. സെമിഫൈനൽ പോരാട്ടത്തിന് റിസർവ് ദിനമില്ലാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.
ടൂർണമെന്റിലെ ഫേവറേറ്റുകളും കരുത്തരുമായ ഇംഗ്ലണ്ടും കിരീട സാധ്യതകളിൽ മുന്നിലായിരുന്നു. എന്നാൽ മഴ നിയമം ഇംഗ്ലീഷുകാർക്ക് വിലങ്ങുതടിയാവുകയായിരുന്നു. പ്രാഥമിക ഘട്ടത്തിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് ജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവി ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശനത്തിന് വരെ തിരിച്ചടിയാകുമെന്ന് അവർ പോലും പ്രതീക്ഷിച്ചുകാണില്ല.
കളിച്ച നാല് മത്സരങ്ങളും ജയിച്ച് സെമിയിലെത്തിയ ഇന്ത്യ മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ഫൈനലിൽ ഇന്ത്യയ്ക്ക് കിരീടത്തിലേക്ക് ഇനി ജയം മാത്രമാണ് മുന്നിലുള്ളത്. ഇന്ത്യയുടെ നിലവിലെ പ്രകടനം ആ ജയം ഉറപ്പാക്കുന്നതാണോയെന്ന ആശങ്കയാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. വലിയ സ്കോർ കണ്ടെത്താൻ ടൂർണമെന്റിൽ ഇതുവരെ ഇന്ത്യയ്ക്ക് സാധിച്ചട്ടില്ലെന്നതാണ് ആ ആശയക്കുഴപ്പത്തിന് കാരണം.
മറ്റ് ബാറ്റ്സ്ന്മാർ തകർന്നടുത്ത് ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ട് ഇന്നിങ്സാണ് പലപ്പോഴും ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. ഒപ്പം ബോളർമാരുടെ പ്രകടനം ഇന്ത്യൻ വിജയം ഉറപ്പാക്കുകയായിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതിൽ പൂനം യാദവും റൺസ് നിയന്ത്രിക്കുന്നതിൽ ശിഖ പാണ്ഡെയും രാധ യാദവും പുലർത്തിയ മികവുമാണ് ഈ ജയങ്ങൾക്കെല്ലാം പിന്നിൽ.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. ഓസ്ട്രേലിയക്കെതിരെ 132, ബംഗ്ലാദേശിനെതിരെ 142, ന്യൂസിലൻഡിനെതിരെ 133 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ ടീം ടോട്ടൽ. മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 150ന് മുകളിൽ സ്കോർ കടത്താൻ സാധിച്ചില്ലായെന്നത് ബാറ്റിങ് നിരയുടെ പോരായ്മ വ്യക്തമാക്കുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ഒരു മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം അഞ്ച് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു.
പതിനാറുകാരി ഷഫാലി വർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഓരോ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് നിരയുടെ മാനം കാത്തത്. ഓസ്ട്രേലിയക്കെതിരെ ദീപ്തി ശർമ നേടിയ 49 റൺസ് മാറ്റിനിർത്തിയാൽ ഇന്ത്യൻ മധ്യനിര ടൂർണമെന്റിൽ തികച്ചും പരാജയമായിരുന്നുവെന്ന് പറയാൻ സാധിക്കും. ഓപ്പണർ സൂപ്പർ താരം സ്മൃതി മന്ദാനയ്ക്കും തിളങ്ങാനാകുന്നില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും ഒരിക്കൽ കൂടി ക്രീസിൽ നിലയുറപ്പിക്കുന്നതിൽ പരാജയപ്പെട്ട താരം നിരാശപ്പെടുത്തി.
മൂന്നാം നമ്പരിൽ ജെമിമി റോഡ്രിഗസ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാൽ വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ താരവും പരാജയപ്പെടുന്നു. നായിക ഹർമൻപ്രീത് കൗറിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. ശ്രീലങ്കയ്ക്കെതിരെ മാത്രമാണ് താരത്തിന് രണ്ടക്കം കടക്കാൻ സാധിച്ചത്, 15 റൺസ്. ബാക്കി മൂന്ന് മത്സരങ്ങളിലും 2,8,1 എന്നിങ്ങനെയായിരുന്നു നായികയുടെ സ്കോർ.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ബാറ്റിങ് ഓർഡർ മാറ്റി പരീക്ഷച്ച ടീമിന്റെ തീരുമാനം പൂർണവിജയമെന്ന് പറയാൻ സിധിക്കില്ല. നാലാം മത്സരത്തിലും ഷഫാലി വർമ്മയുടെ ബാറ്റിങ്ങിൽ തന്നെയാണ് ഇന്ത്യ വിജയലക്ഷ്യം തൊട്ടത്. ഓസ്ട്രേലിയക്കെതിരെ 29, ബംഗ്ലാദേശിനെതിരെ 39, ന്യൂസിലൻഡിനെതിരെ 46, ശ്രീലങ്കയ്ക്കെതിരെ 47 എന്നിങ്ങനെ തിളങ്ങിയ താരം വലിയ സ്കോറുകളിലേക്കെത്താൻ കുറച്ച് പന്തുകൾ മാത്രമാണ് നേരിടുന്നത്. എന്നാൽ ഷഫാലിയുടെ ഈ തുടക്കത്തിന്റെ തുടർച്ചയേറ്റെടുക്കാൻ പിന്നാലെ വരുന്നവർക്ക് പറ്റാതെ പോകുന്നതാണ് വലിയ സ്കോറുകളിൽനിന്ന് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്.
ബോളിങ്ങിലാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാകുന്നത്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള പൂനം യാദവിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. നാല് മത്സരങ്ങളിലായി 89 റൺസ് വഴങ്ങിയാണ് താരം 9 വിക്കറ്റ് സ്വന്തമാക്കിയത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ പേസർ ശിഖ പാണ്ഡെയും എതിരാളികളെ വെള്ളംകുടിപ്പിക്കുന്ന ബോളറാണ്.