വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 34 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹർമൻ പ്രീത്കൗറിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 160 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായികയുടെ തീരുമാനം ശരിയെന്ന് തോന്നിപ്പിച്ച് ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് താനിയ ഭാട്ടിയ മികച്ച തുടക്കം നൽകി. എന്നാൽ ആവേശം അധികം നീണ്ടു നിന്നില്ല, ഒമ്പത് റൺസുമായി ഭാട്ടിയ പുറത്ത് പിന്നാലെ സൂപ്പർ താരം സ്മൃതി മന്ദാനയും അരങ്ങേറ്റക്കാരി ഹെമലതയും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി.

എന്നാൽ പിന്നീട് ക്രീസിലെത്തിയ ജെമിമ റോഡ്രിഗസും നായിക ഹർമൻപ്രീത് കൗറും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോർ അതിവേഗം ഉയർന്നു. 45 പന്തിൽ 59 റൺസ് നേടി ഹെമലത പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 174 ൽ എത്തിയിരുന്നു. പിന്നാലെ നായിക ഹർമൻ പ്രീത് സെഞ്ചുറി തികച്ചു. 51 പന്തുകളിൽ നിന്നുമാണ് ഹർമൻപ്രീത് 103 റൺസ് നേടിയത്. ഇതിൽ ഏഴ് ഫോറും എട്ട് സിക്സറുകളും ഉൾപ്പെടുന്നു.

മറുപടി ബാറ്റിങ്ങിൽ കിവികളും നന്നായി തുടങ്ങി. ആദ്യ വിക്കറ്റിൽ 52 റൺസ് കൂട്ടി ചേർത്ത ശേഷമാണ് അന്ന പീറ്റേഴ്സൻ പുറത്താകുന്നത്. മറ്റരു ഓപ്പണർ ബെറ്റ്സ് 67 റൺസ് നേടി. എന്നാൽ പിന്നീട് ഇന്ത്യൻ ബോളിങ്ങിന് പിന്നിൽ തകർന്നടിയുന്ന കിവികളെ ആണ് കണ്ടത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ആറ് താരങ്ങൾ രണ്ടക്കം കാണാാതെ പുറത്ത്.

ഇന്ത്യക്കായിഅരങ്ങേറ്റ മത്സരം കളിച്ച ഹെമലത മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പൂനം യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രാഥ യാദവ് രണ്ടും അരുന്ധതി റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി. നവംബർ 11ന് ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook