ഷാർജ: വനിത ടി-20 ചലഞ്ചിൽ ആദ്യ കിരീടവുമായി ട്രെയൽബ്ലേസേഴ്‌സ്. ഫെെനലിൽ സൂപ്പർനോവാസിനെ 16 റൺസിന് തോൽപ്പിച്ചാണ് ട്രെയൽബ്ലേസേഴ്‌സ് വനിത ടി-20 കിരീടം നേടിയത്. ട്രെയൽബ്ലേസേഴ്‌സിന്റെ ആദ്യ കിരീടനേട്ടമാണിത്. ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽബ്ലേസേഴ്‌സിന്റെ 118 റൺസ് സൂപ്പർനോവയ്‌ക്ക് മറികടക്കാൻ സാധിച്ചില്ല. സൂപ്പർനോവയ്‌ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 102 റൺസെടുക്കാനേ സാധിച്ചുള്ളൂ.
സൂപ്പർനോവാസിന് വേണ്ടി ക്യാപ്‌റ്റൻ ഹർമൻപ്രീത് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഹർമൻപ്രീത് 36 പന്തിൽ നിന്ന് രണ്ട് ഫോർ സഹിതം 30 റൺസെടുത്ത് പുറത്തായി. ശശികല സിരിവർധനെ 19 റൺസും തനിയ ബാട്ടിയ 14 റൺസും നേടി.
ട്രെയൽബ്ലേസേഴ്‌സിനുവേണ്ടി സൽമ കാതുൻ മൂന്ന് വിക്കറ്റും ദീപ്‌തി ശർമ രണ്ട് വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽബ്ലേസേഴ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 118 റൺസ് നേടിയത്. 14.5 ഓവറിൽ 101/2 എന്ന മികച്ച നിലയിൽ നിന്ന് കൂപ്പുകുത്തുകയായിരുന്നു സ്‌മൃതി മന്ദാനയും സംഘവും. അവസാന അഞ്ച് ഓവറിൽ ട്രെയൽബ്ലേസേഴ്സിന് നേടാൻ സാധിച്ചത് വെറും 18 റൺസ്, നഷ്ടമായത് ആറ് വിക്കറ്റുകളും. ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ട്രെയൽബ്ലേസേഴ്‌സിന് തുണയായത്. 49 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 68 റൺസ് നേടിയാണ് സ്‌മൃതി പുറത്തായത്. ഡോട്ടിൻ 32 പന്തിൽ നിന്ന് 20 റൺസും റിച്ച ഘോഷ് 16 പന്തിൽ നിന്ന് പത്ത് റൺസും നേടി. വേറെ ആർക്കും ട്രെയൽബ്ലേസേഴ്‌സിൽ രണ്ടക്കം കാണാൻ സാധിച്ചില്ല.

രാധ യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ട്രെയൽബ്ലേസേഴ്‌സിനെ കൂറ്റൻ സ്‌കോറിലെത്താതെ തടഞ്ഞത്. സൂപ്പർനോവയ്‌ക്ക് വേണ്ടി രാധ യാദവ് നാല് ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ നേടി. വനിത ലീഗ് 2020 സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് രാധ യാദവിന്റേത്. പൂനം യാദവ്, സിരിവർധനെ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

ടോസ് ജയിച്ച സൂപ്പർനോവാസ് ക്യാപ്‌റ്റൻ ഹർമൻപ്രീത് ട്രെയൽബ്ലേസേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചാണ് വുമൺ ടി-20 ചലഞ്ചിലെ ഫൈനലിൽ പ്രവേശിച്ചത്. മൂന്നാം ടീമായ വെലോസിറ്റി നേരത്തെ ടി-20 ചലഞ്ചിൽ നിന്ന് പുറത്തായിരുന്നു.
Read Also: ഹൈദരാബാദിനെ വീഴ്ത്തി ഫൈനലിൽ; മുംബൈയെ നേരിടാനൊരുങ്ങി ഡൽഹി
എന്താണ് വനിത ടി-20 ചലഞ്ച്
2018 മുതലാണ് ബിസിസിഐ വനിത ടി-20 ചലഞ്ച് സംഘടിപ്പിക്കാൻ തുടങ്ങിയത്. ഇന്ത്യൻ പ്രീമിയർ ലീഗിനൊപ്പമാണ് വനിത ടി-20 ലീഗും നടക്കുക. ഇത്തവണ യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയത്. മൂന്നാം സീസണാണ് ഇപ്പോൾ പൂർത്തിയായത്. നേരത്തെ രണ്ട് തവണയും സൂപ്പർനോവാസാണ് കിരീടം ചൂടിയത്.