വയനാട്ടിലെ കുറിച്യ ഗോത്രവിഭാഗം അമ്പും വില്ലും ഉപയോഗിക്കുന്നതിൽ നിപുണരാണ്. വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ഓൾറൗണ്ടർ താരം മിന്നു മണിയ്ക്കും വളരെ വ്യക്തമായ ലക്ഷ്യമുണ്ട്, പക്ഷേ അവൾ തന്റെ വൃക്തിമുദ്ര പതിപ്പിക്കുന്നത് ക്രിക്കറ്റിലാണെന്ന് മാത്രം. മാനന്തവാടിയിലെ ചോയിമൂല സ്വദേശിനിയായ ഈ ഇരുപത്തിമൂന്നുകാരി, ഡബ്ല്യുപിഎല്ലിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ കളിക്കാരിയാണ്.
തിങ്കളാഴ്ച മുംബൈയിൽ നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ, ഡൽഹി ക്യാപിറ്റൽസാണ് മിന്നുവിനെ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ലേലത്തിന്റെ തലേദിവസം ഹൈദരാബാദിൽ നടന്ന സീനിയർ വനിതാ ഇന്റർസോണൽ ഏകദിന ട്രോഫിയിൽ മിന്നു 91 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയിരുന്നു. ലേലത്തിൽ മിന്നുവിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പേര്കേട്ട താരങ്ങളെ പോലും ആരും വാങ്ങാതെയിരുന്നതോടെ ഡബ്ല്യുപിഎൽ ടീമിൽ ചേർന്ന് കളിക്കാനുള്ള പ്രതീക്ഷ മങ്ങി.
“കഴിവുള്ള പല കളിക്കാർ പോലും വിൽക്കപ്പെടാതെയിരുന്നപ്പോൾ എന്റെ അവസ്ഥയും അത് തന്നെയാകുമെന്ന് കരുതി. എന്നാൽ പിന്നീട് ഡൽഹിയും ബാംഗ്ലൂരും എനിക്കായി ലേലം വിളിക്കാൻ തുടങ്ങി, ഒടുവിൽ ഡൽഹി എന്നെ സ്വന്തമാക്കി. ഇത്രയും വലിയൊരു ലീഗിന്റെ ഭാഗമാകാൻ കഴിഞ്ഞത് സ്വപ്നതുല്യമാണ്,” മിന്നു ഇന്ത്യൻ എക്സപ്രസ് ഡോട് കോമിനോട് പറഞ്ഞു. പത്ത് ലക്ഷം രൂപയായിരുന്നു മിന്നുവിന്റെ അടിസ്ഥാന വില
മിന്നുവിന്റെ അച്ഛൻ മണി ദിവസവേതനക്കാരനും അമ്മ വസന്ത വീട്ടമ്മയുമാണ്. മിന്നുവിന്റെ സഹോദരി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയതിന്ശേഷം മാതാപിതാക്കൾ ആദ്യം ചോദിച്ചത് മിന്നുവിന്റെ കളി എന്ന് ടിവിയിൽ കാണാൻ കഴിയുമെന്നാണ്.
“രാജ്യത്ത് വനിതകളുടെ ആഭ്യന്തര ക്രിക്കറ്റ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത് വളരെ കുറവാണ്. ഫാൻകോഡ് ആപ്പ് വഴി ഞാൻ കളിക്കുന്നത് ഒരിക്കൽ അവർ ഫോണിലൂടെ കണ്ടിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അത്. ഇപ്പോൾ ഡബ്ല്യുപിഎല്ലിൽ എത്തിയതോടെ അവർക്ക് അവരുടെ മകൾ കളിക്കുന്നത് കാണാൻ കഴിയും, അതും മികച്ച അന്താരാഷ്ട്ര കളിക്കാർക്കൊപ്പം,” മിന്നു പറഞ്ഞു. ഇപ്പോൾ വിദൂര പഠന കോഴ്‌സിലൂടെ ബിരുദത്തിന് പഠിക്കുകയാണ് താരം.
ഇടംകൈയ്യാൽ ബാറ്റിങ്ങും ഓഫ് സ്പിൻ ബൗളിങ്ങും ചെയ്യും മിന്നു, ക്രിക്കറ്റിൽ മികവ് പുലർത്താനുള്ള ശ്രമത്തിൽ ഒന്നു മാറ്റിവച്ചില്ല. ഓഫ് സീസണിൽ കൃഷ്ണഗിരിയിലെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിൽ പരിശീലനത്തിനായി ദിവസവും 42 കിലോമീറ്റർ( അങ്ങോടുള്ള ദൂരം മാത്രം) യാത്ര ചെയ്യുന്നു
“യാത്ര മടുപ്പിക്കുന്നതാണ്, പക്ഷേ എനിക്ക് അലസമായി ഇരിക്കാൻ ആഗ്രഹമില്ല,” മിന്നു പറഞ്ഞു. “നേരിട്ട് ബസ് ഇല്ല, സ്റ്റേഡിയത്തിലെത്താൻ എനിക്ക് നാല് ബസുകൾ മാറി കയറണം. അതുകൊണ്ട് പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് അമ്മയെ വീട്ടുജോലികളിൽ സഹായിച്ച് 6 മണിക്ക് വീട്ടിൽനിന്നു പുറപ്പെട്ട് 9 മണിക്ക് ഗ്രൗണ്ടിലെത്തും. ഏകദേശം 7 മണിക്ക് വീട്ടിൽ തിരിച്ചെത്തും.”മിന്നു പറഞ്ഞു
അടുത്തിടെ സമാപിച്ച വനിതാ ഏകദിന ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽനിന്ന് 246 റൺസ് നേടിയ മിന്നു ആയിരുന്നു കേരളത്തിന്റെ ടോപ് സ്കോറർ. 12 വിക്കറ്റുകളും വീഴ്ത്തി. 2019ൽ, ബംഗ്ലാദേശിനെതിരെ ഇന്ത്യ ‘എ’ യ്ക്ക് വേണ്ടി കളിച്ച മിന്നു എമർജിംഗ് വനിതാ ഏഷ്യാ കപ്പ് ടൂർണമെന്റിൽ ദേശീയ ടീമിലും ഉണ്ടായിരുന്നു.
ക്രിക്കറ്റായിരുന്നില്ല മിന്നുവിന്റെ ആദ്യ പ്രണയം, അത്‌ലറ്റിക്സായിരുന്നു. അത്‌ലറ്റിക്സിൽനിന്നു ക്രിക്കറ്റിലേക്ക് മാറുന്നതിൽ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല. ട്രാക്ക് ആൻഡ് ഫീൽഡ് കേരളത്തിൽ ജനപ്രിയമാണ്, എന്നാൽ ക്രിക്കറ്റ് പുരുഷന്മാരുടെ കളിയാണെന്നാണ് അവർ കരുതിയിരുന്നത്. “ഇത് പുരുഷന്മാരുടെ കളിയാണ്, നീ എന്തിനാണിത് കളിക്കുന്നതെന്ന് അവർ എന്നോട് ചോദിക്കുമായിരുന്നു.”
എന്നിരുന്നാലും, പ്രായപരിധി അനുസരിച്ചുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോഴെല്ലാം അവർ വനിതാ ക്രിക്കറ്റ് എന്ന ആശയത്തിലേക്ക് കൂടുതൽ കൂടുതൽ അടുത്തു. “ഞാൻ അത്‌ലറ്റിക്‌സിലായിരുന്നു, 400 മീറ്ററിലും 600 മീറ്ററിലും പങ്കെടുക്കുമായിരുന്നു. എന്റെ പ്രദേശത്തെ നെൽവയലിൽ ആൺകുട്ടികളുമായി ടെന്നിസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുമായിരുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്‌ട്രക്‌ടറായ എൽസമ്മ ടീച്ചർ എന്റെ ശ്രദ്ധ ക്രിക്കറ്റിലേക്ക് തിരിച്ചു. ടീച്ചർ എന്നെ അണ്ടർ 13 ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ ട്രയലിന് കൊണ്ടുപോയി. അതിനുശേഷം തൊടുപുഴയിലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയർ പെൺകുട്ടികളുടെ ക്യാമ്പിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു,” പതിനഞ്ചാം വയസ്സിൽ കേരള സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിന്നു പറഞ്ഞു.
മിന്നു ഏറ്റവും കൂടുതൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് ഒരു നല്ല ക്രിക്കറ്റ് കിറ്റാണ്. അവൾ ഇതുവരെ ക്രിക്കറ്റ് കളിച്ച് സമ്പാദിച്ച പണത്തിന്റെ ഭൂരിഭാഗവും 2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന വീട് പുനർനിർമിക്കുന്നതിനായി ചെലവഴിച്ചു. “വനിതാ ക്രിക്കറ്റ് താരങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു സീസണിൽ ഞങ്ങൾക്ക് വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ ലഭിക്കൂ എന്നതാണ്. കാലക്രമേണ പ്രതിഫലം വർദ്ധിച്ചുവെങ്കിലും, കുടുംബത്തെ പരിപാലിക്കുന്നതിനും പരിശീലന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇത് ഇപ്പോഴും പര്യാപ്തമല്ല, ”മിന്നു പറഞ്ഞു.
ഡൽഹി ക്യാപിറ്റൽസിൽ ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, മെഗ് ലാനിംഗ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്കൊപ്പം കളിക്കാൻ കാത്തിരിക്കുകയാണ് മിന്നുവിപ്പോൾ. “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെ കളിച്ച് നിങ്ങളുടെ മൂല്യം തെളിയിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ഡബ്ല്യുപിഎൽ, അത് ടെലിവിഷനിലും വരും. അവിടെയുള്ള മികച്ച പ്രകടനങ്ങൾക്ക് ഇന്ത്യയുടെ ക്യാപ്പ് അണിയാൻ നിങ്ങളെ സജ്ജമാക്കാൻ കഴിയും,” മിന്നു പറഞ്ഞു. കേരള കോച്ച് സുമൻ ശർമ്മയ്ക്കും വർഷങ്ങളായി വിവിധ അക്കാദമികളിൽ പരിശീലനം നൽകിയ മറ്റ് പരിശീലകർക്കും മിന്നു നന്ദി പറഞ്ഞു.