ലണ്ടൻ: സമീപ കാലത്ത് ഇന്ത്യന്‍ കായിക രംഗം കണ്ട ഏറ്റവും വലിയ ഉയിർത്തെഴുന്നേല്‍പ്പായിരുന്നു വനിതാ ക്രിക്കറ്റ് ടീമിന്‍റേത്. എന്നാല്‍ ഇന്ത്യന്‍ വനിതകളുടെ കുതിപ്പ് ക്രിക്കറ്റില്‍ ഒതുങ്ങുന്നില്ലെന്നാണ് മറ്റ് മത്സരങ്ങളിലും കാണാനാകുന്നത്. ഇപ്പോഴിതാ ഹോക്കിയിലും ഇന്ത്യന്‍ പെണ്‍കരുത്ത് തലയുയർത്തി വെല്ലുവിളികളെ നേരിടുകയാണ്.

ലോകകപ്പ് വനിതാ ഹോക്കിയിൽ ഇറ്റലിയെ വീഴ്ത്തി ഇന്ത്യ ക്വാർട്ടറിൽ എത്തിയിരിക്കുകയാണ്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ലാൽറെംസിയാമി, നേഹ ഗോയൽ, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. ഇറ്റലി പതിനേഴാമതും. നായിക റാണി രാംപാലിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ പതിയെ ആണ് തുടങ്ങിയത്. പിന്നീട് കത്തിക്കയറുകയായിരുന്നു. റാണിയുടെ അനുഭവം ടീമിന് ഗുണമായി മാറി.

ക്വാർട്ടറിൽ അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. പൂൾ ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ച ടീമാണ് അയർലൻഡ് എന്നത് മത്സരത്തെ ശ്രദ്ധേയമാക്കും. 1978ലെ മഡ്രിഡ് ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ലോകകപ്പ് ഹോക്കിയിൽ അവസാന എട്ടിലെടുത്തുന്നത്. അന്ന് ഇന്ത്യൻ വനിതകൾ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

നേരത്തെ, പൂൾ ബിയിൽ നിന്ന് ഇന്ത്യ കഷ്ടിച്ചാണ് നോക്കൗട്ടിലേക്കു കടന്നുകൂടിയത്. ഇംഗ്ലണ്ടിനും യുഎസിനുമെതിരെ സമനില നേടിയ ഇന്ത്യൻ ടീം അയർലൻഡിനോടു കീഴടങ്ങി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ