Women’s Day 2021: വനിതാ ദിനത്തിൽ നിരവധി സെലിബ്രിറ്റികളാണ് ആശംസകൾ നേർന്നിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയാവട്ടെ മകൾക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് വനിതാ ദിന ആശംസകൾ നേർന്നത്.
”ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാർത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങൾ മനസ്സിലാക്കും. അവർ നമ്മളെക്കാൾ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാൻ പോകുന്ന ഒരാൾക്കും വനിതാദിനാശംസകൾ. കൂടാതെ, ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ,” ഫൊട്ടോ ഷെയർ ചെയ്തതിനൊപ്പം കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണിത്.
ജനുവരി 11 നാണ് വിരാട് കോഹ്ലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നത്. “ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്ലി ട്വീറ്റ് ചെയ്തത്.
Read More: ഇവരില്ലായിരുന്നേൽ അച്ഛൻ കണക്ക് നോക്കിയും ഞാൻ പാട്ടുപാടിയും ഇരുന്നേനെ; വനിതാ ദിനത്തിൽ വിധു പ്രതാപ്
‘വാമിക’ എന്നാണ് അനുഷ്കയും വിരാടും മകൾക്ക് നൽകിയ പേര്. “സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം- മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി,” മകളെ ലോകത്തിന് പരിചയപ്പെടുത്തി കൊണ്ട് അനുഷ്ക കുറിച്ചു.