കൊൽക്കത്ത: കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പേസർ മുഹമ്മദ് ഷമിക്കെതിരായ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വനിത സെല്ലാണ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത്.

സ്ത്രീകളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനുളള ബംഗാളിലെ പ്രത്യേ സമിതിയാണിത്. ഹാജരാകാനാവശ്യപ്പെട്ട് മുഹമ്മദ് ഷമിക്ക് സെൽ നൊട്ടീസ് അയച്ചു. ഹസിൻ ജഹാനും ഷമിയും തമ്മിലുളള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും വനിത സെല്ലിന് കൈമാറിയിട്ടുണ്ട്.

പാക് സുന്ദരി ഐഷാബയ്ക്ക് മേസേജയക്കുന്ന ഒരേയൊരു താരമാണോ ഷമിയെന്ന് ഭാര്യ ഈ ശബ്ദരേഖയിൽ ചോദിക്കുന്നുണ്ട്. ദുബൈയിൽ ഷമിയുടെ മുറിയിൽ ഈ യുവതി വന്നിരുന്നോയെന്ന് ചോദിക്കുന്നതും ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഷമി, ദുബൈയിലേക്ക് പോയതായാണ് ജഹാൻ കുറ്റപ്പെടുത്തിയത്. അതേസമയം താൻ ഐഷാബയെ കണ്ടത് അവരിൽ നിന്ന് ലഭിക്കാനുണ്ടായിരുന്ന പണം വാങ്ങാനാണെന്നും ഇവരെ ദുബൈയിൽ വച്ച് കണ്ടിരുന്നുവെന്നും ഷമി ഈ ശബ്ദരേഖയിൽ പറയുന്നുണ്ട്.

ഈ ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ ഇത് ഷമിയുടേത് തന്നെയാണോയെന്ന് വ്യക്തമാകൂ. അതേസമയം ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കേസ് കൊൽക്കത്ത പൊലീസിലെ ഡിറ്റക്ടീവ് സംഘമാണ് അന്വേഷിക്കുന്നത്.

അതേസമയം ഇന്നലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന ആഗ്രഹം ഷമി മറച്ചുവെച്ചില്ല. “എന്തൊക്കെ തെറ്റിദ്ധാരണകൾ ഉണ്ടെങ്കിലും അത് ഞാനും എന്റെ ഭാര്യയും തമ്മിലുളളതാണ്. എനിക്കതെല്ലാം പരമാവധി വേഗത്തിൽ പരിഹരിക്കണമെന്ന് ആഗ്രഹമുണ്ട്,” അദ്ദേഹം പറഞ്ഞു. വിവാദത്തിന് പിന്നാലെ ബിസിസിഐ ഷമിയുമായുളള കരാർ റദ്ദാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ