ലോകക്രിക്കറ്റും ലിംഗ സമത്വത്തിലേക്ക് ചുവടുവയ്ക്കുന്നു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തന്നെയാണ് ഇതിനുളള ആദ്യ ചുവടുവയ്പ്പ് എടുത്തിരിക്കുന്നത്. ഓസ്ട്രേലിയ ആതിഥ്യമരുളുന്ന 2020 ലെ ടി20 ലോകക്രിക്കറ്റിലെ പ്രൈസ് മണിയിലാണ് ഇതിനുളള തുടക്കം.

ടി20 ക്രിക്കറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ സമ്മാനത്തുക നൽകുമെന്നാണ് ഐസിസിയുടെ പ്രഖ്യാപനം. 2020 ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയാണ് വനിത ടി20 ലോകകപ്പ്. ഇതേവർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് പുരുഷ ടി20 ലോകകപ്പ്.

രണ്ട് മൽസരത്തിനും ഒരേ പ്രൈസ് മണി നൽകുമെന്നാണ് ഐസിസിയുടെ പ്രഖ്യാപനം. അതേസമയം പ്രൈസ് മണി എത്രയായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പുരുഷ ലോകകപ്പിന് 16 രാജ്യങ്ങൾ പങ്കെടുക്കുമ്പോൾ വനിത ലോകകപ്പിൽ 10 രാജ്യങ്ങളാണ് കൊമ്പുകോർക്കുക. അഡ്‌ലെയ്ഡിലും സിഡ്നിയിലുമാണ് പുരുഷ ലോകകപ്പിന്റെ സെമി മൽസരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സിഡ്നി മൈതാനത്ത് വനിത ലോകകപ്പ് സെമിയും നടക്കും. രണ്ട് ലോകകപ്പ് മൽസരങ്ങളുടെയും ഫൈനൽ മെൽബൺ മൈതാനത്താണ് നടക്കുക.

അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 നാണ് മെൽബണിൽ വനിത ക്രിക്കറ്റ് ലോകകപ്പ് മൽസരം നടക്കുക. ഇത്തവണ റെക്കോർഡ് കാണികളെ ഈ മൽസരത്തിന് എത്തിക്കാനുളള പരിശ്രമമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ