scorecardresearch

കിരീടത്തിലേക്ക് കണ്ണുംനട്ട് ഇന്ത്യ; തലവേദനയായി മധ്യനിര

പ്രാഥമിക ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിലും കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് നിലവിലെ പോരാട്ടം മതിയാകില്ല

കിരീടത്തിലേക്ക് കണ്ണുംനട്ട് ഇന്ത്യ; തലവേദനയായി മധ്യനിര

ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി ഇന്ത്യയുടെ വനിത ടീം ടി20 ലോകകപ്പിന്റെ സെമിയിലെത്തി. കളിച്ച മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചത്. പക്ഷെ ഈ മത്സരങ്ങളിലെ പ്രകടനം വച്ച് കിരീടമുയർത്താൻ ഇന്ത്യയ്ക്കാകുമോ? സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇല്ലായെന്നാണ് ഉത്തരം. കാരണം മറ്റൊന്നുമല്ല, കൗമാരതാരം ഷഫാലി വർമയുടെയും ബോളർമാരുടെയും കൈകരുത്തിലാണ് ഇന്ത്യ മൂന്ന് വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 132, 142, 133 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. ഇവ പൊരുതാവുന്നതിലും താഴെ മാത്രം നിൽക്കുന്ന സ്കോറുകളാണ്.

സ്‌പിന്നർമാരെ നേരിടുന്നതിലുള്ള എതിരാളികളുടെ ദൗർബല്യമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ഈ ദൗർബല്യം തിരിച്ചറിഞ്ഞ നായിക ഹർമൻപ്രീത് കൗറിന്റെ തീരുമാനമാണ് സ്‌പിന്നറായ ദീപ്തി ശർമയെ ന്യൂസിലൻഡിനെതിരെ ഓപ്പണിങ് ബോളറായി എത്തിച്ചത്. ക്രിക്കറ്റിൽ ഏത് ഫോർമാറ്റിലും വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. ബോളിങ് ഡിപ്പാർട്മെന്റിൽ ഇന്ത്യ സ്‌പിന്നർമാരെ അമിതമായി ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിന് തെളിവാണ് ഇത്. പക്ഷെ ന്യൂസിലൻഡ് ഓപ്പണർമാർ ദീപ്തിയുടെ ആദ്യ ഓവറിൽ 12 റൺസ് അടിച്ചെടുത്തു. 19-ാം ഓവറിൽ മറ്റൊരു സ്‌പിന്നറായ പൂനം യാദവിനെതിരെ കിവി താരങ്ങൾ സ്വന്തമാക്കിയത് നാല് ഫോറടക്കം 19 റൺസാണ്.

Also Read: സ്ട്രൈക്കർ ഷഫാലി; ലോകകപ്പിൽ ഇന്ത്യൻ കുതിപ്പിന് ചുക്കാൻ പിടിച്ച് പതിനാറുകാരി

രണ്ട് ഓവറിൽ 34 റൺസ് മാത്രം വേണമെന്ന നിലയിൽ നിന്ന് ഒരു ഓവറിൽ 16 റൺസായി ലക്ഷ്യം കുറഞ്ഞു. ഇത് കിവിസിന്റെ സമ്മർദം കുറച്ചു. അവസാന ഓവറിൽ പേസറായ ശിഖ പാണ്ഡെ 12 റൺസ് വഴങ്ങി, ഒടുവിൽ ഇന്ത്യയ്ക്ക് മൂന്ന് റൺസ് കഷ്ടി വിജയം. മൂന്ന് മത്സരങ്ങളിൽ നിന്നും ഇന്ത്യയുടെ ശരാശരി സമ്പാദ്യം 135 റൺസാണ്. ഫോമിലുള്ള എതിരാളികൾക്ക് എളുപ്പത്തിൽ മറികടക്കാവുന്ന സ്കോർ. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ഓസ്ട്രേലിയ ബംഗ്ലാദേശിനെതിരെ അടിച്ചുകൂട്ടിയത് 189 റൺസാണ്, അതും ഒരു വിക്കറ്റ് നഷ്ടത്തിൽ. അലിസ ഹീലിയും ബെത്ത് മൂണിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 151 റൺസെടുത്തു.

ടൂർണമെന്റിലെ മറ്റ് ഫേവറേറ്റുകളായ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ശക്തമായ ബാറ്റിങ് നിരയാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് കെട്ടിപടുക്കുന്ന വിജയലക്ഷ്യം അനായാസം മറികടക്കാൻ അവർക്ക് സാധിക്കും. ഇനി അവർ ആദ്യം ബാറ്റ് ചെയ്ത് വലിയ വിജയലക്ഷ്യം മുന്നോട്ട് വച്ചാൽ പിന്തുടരുക ദുർബലരായ ഇന്ത്യൻ മധ്യനിരയ്ക്ക് പ്രയാസകരമായിരിക്കും.

Shafali Verma, ഷഫാലി വർമ്മ, indian women cricketer, harmanpreet kaur, ഹർമൻപ്രീത്, ഇന്ത്യൻ വനിത ക്രിക്കറ്റ് താരം, Women T20 world cup, ടി20 ലോകകപ്പ്, shefali varma, ഷെഫാലി വർമ്മ, ie malayalam, ഐഇ മലയാളം

മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 150ന് മുകളിൽ സ്കോർ കടത്താൻ സാധിച്ചില്ലായെന്നത് ബാറ്റിങ് നിരയുടെ പോരായ്മ വ്യക്തമാക്കുന്നു. ഓസ്ട്രേലിയക്കെതിരെ 132 റൺസും ബംഗ്ലാദേശിനെതിരെ 142 റൺസും ന്യൂസിലൻഡിനെതിരെ 133 റൺസുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. ചെറിയ സ്കോർ പ്രതിരോധിക്കുന്നതിനായി ഇന്ത്യൻ ബോളർമാർ നടത്തിയ രക്ഷാപ്രവർത്തനമാണ് വിജയത്തിൽ നിർണായകമായത്.

സൂപ്പർ താരം സ്മൃതി മന്ദാനയ്ക്കും തിളങ്ങാനാകുന്നില്ല. രണ്ട് മത്സരങ്ങളിൽനിന്ന് താരത്തിന് നേടാനായത് 21 റൺസ് മാത്രമാണ്. ജെമിമ റോഡ്രിഗസ് നന്നായി കളിക്കുന്നുണ്ടെങ്കിലും ക്രീസിൽ നിലയുറപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. ഓസ്ട്രേലിയക്കെതിരെ 26 റൺസും ബംഗ്ലാദേശിനെതിരെ 34 റൺസും നേടി തിളങ്ങിയ ജെമിമയ്ക്ക് മികച്ച ഇന്നിങ്സ് പടുത്തുയർത്താനാകുന്നില്ല.

Also Read:ഇത് അവസാന സമയമാണ്; ധോണിയുടെ ഭാവിയെക്കുറിച്ച് കപിൽ ദേവ്

നായിക ഹർമൻപ്രീത് സിങ്ങിനാകട്ടെ ഒരു മത്സരത്തിൽ പോലും രണ്ടക്കം കടക്കാനുമായില്ല. 2,8,1 എന്നിങ്ങനെയാണ് ടൂർണമെന്റിൽ താരത്തിന്റെ ഇന്നിങ്സുകൾ. ഓസ്ട്രേലിയക്കെതിരെ ദീപ്തി ശർമ നേടിയ 49 റൺസ് മാറ്റിനിർത്തിയാൽ ഇന്ത്യൻ മധ്യനിര ടൂർണമെന്റിൽ തികച്ചും പരാജയമായിരുന്നുവെന്ന് പറയാൻ സാധിക്കും.

ഷഫാലിയുടെ വെടിക്കെട്ട് ഇന്നിങ്സുകളുടെ മികവിലാണ് ഇന്ത്യ മൂന്ന് മത്സരങ്ങളിലും നൂറിന് മുകളിൽ സ്കോറെത്തിച്ചത്. ഓസ്ട്രേലിയക്കെതിരെ 29, ബംഗ്ലാദേശിനെതിരെ 39, ന്യൂസിലൻഡിനെതിരെ 46 എന്നിങ്ങനെ തിളങ്ങിയ താരം വലിയ സ്കോറുകളിലേക്കെത്താൻ കുറച്ച് പന്തുകൾ മാത്രമാണ് നേരിടുന്നത്. എന്നാൽ ഷഫാലിയുടെ ഈ തുടക്കത്തിന്റെ തുടർച്ചയേറ്റുടക്കാൻ പിന്നാലെ വരുന്നവർക്ക് പറ്റാതെ പോകുന്നതാണ് വലിയ സ്കോറുകളിൽ നിന്ന് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്.

സെമിയ്ക്ക് മുന്നേ ശ്രീലങ്കയ്ക്കെതിരായ മത്സരം ഇന്ത്യയ്ക്ക് അവസാന മിനുക്കുപണികൾക്കുള്ള അവസരമാണ്. മധ്യനിര ഫോമിലേക്ക് ഉയരാത്തടുത്തോളം മുന്നോട്ടുള്ള ഓരോ കടമ്പയും ഇന്ത്യയ്ക്ക് പ്രയാസമേറിയതാകും. പ്രത്യേകിച്ച് സെമിഫൈനലും ഫൈനലുമടക്കമുള്ള മത്സരങ്ങളിൽ. അതുകൊണ്ട് തന്നെ കിരീടത്തിലേക്കെത്താൻ ഇന്ത്യയ്ക്ക് ബാറ്റിങ് നിര കൂടുതൽ ശക്തമാകേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Women t20 world cup india review before semifinal worries and hope