വനിത ടി 20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പെൺപടയ്‌ക്ക് ഗംഭീര വിജയം. കരുത്തരായ ഓസ്‌ട്രേലിയയെ 17 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 132 റൺസ് മറികടക്കാൻ ലോക ചാംപ്യൻമാർക്ക് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ എല്ലാ വിക്കറ്റുകളും 115 റൺസെടുക്കുന്നതിനിടെ നഷ്‌ടമായി.

അനായാസം മറികടക്കാമായിരുന്ന വിജയലക്ഷ്യമായിരുന്നു ഇന്ത്യ ഓസീസിനു മുന്നിലേക്ക് നീട്ടിയത്. എന്നാൽ, ഇന്ത്യൻ ബോളർമാർ ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ കറക്കി വീഴ്‌ത്തി. ഇന്ത്യയ്‌ക്കുവേണ്ടി പൂനം യാദവ് നാല് വിക്കറ്റുകൾ നേടി. ശിഖ പാണ്ഡെ മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. ആദ്യ വിക്കറ്റിൽ 32 റൺസ് നേടിയ ശേഷമാണ് ഓസ്‌ട്രേലിയയുടെ പതനം ആരംഭിച്ചത്. ഓസ്ട്രേലിയയ്‌ക്കു വേണ്ടി ഓപ്പണർ അലിസ ഹീലി 32 പന്തിൽ നിന്ന് 50 റൺസ് നേടി. മറ്റ് താരങ്ങളെല്ലാം ബാറ്റിങ്ങിൽ പരാജയപ്പെട്ടു.

Read Also: ഡോണൾഡ് ട്രംപിനും മെലാനിയയ്ക്കുമൊപ്പം ഇവാൻകയും കഷ്നറും ഇന്ത്യയിലെത്തും

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 132 റൺസ് നേടി. ഇന്ത്യയ്‌ക്കുവേണ്ടി ദീപ്‌തി ശർമ 46 പന്തിൽ നിന്ന് 49 റൺസുമായി പുറത്താകാതെ നിന്നു. ഷഫാലി വർമ 15 പന്തിൽ നിന്ന് 29 റൺസും ജെമീമ റോഡ്രിഗസ് 33 പന്തിൽ നിന്ന് 26 റൺസും നേടി.

ആദ്യ മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ ടീം വലിയ ആത്മവിശ്വാസത്തിലാണ്. ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook