വരുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത ടി20 ക്രിക്കറ്റ് മത്സരവും ഉൾപ്പെടുത്തണമെന്ന അവശ്യവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2022 ൽ ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത കുട്ടിക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് ചൂണ്ടികാണ്ടി ഐസിസി അപേക്ഷ സമർപ്പിച്ചു. ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡുമായി ചേർന്നാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ അതിവേഗം വളരുന്ന വനിതകളുടെ കായിക ഇനം എന്ന നിലയിലാണ് കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തണമെന്ന അവശ്യം ഐസിസി ഉന്നയിച്ചിരിക്കുന്നത്. 1998ലാണ് അവസാനമായി ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. അന്ന് ഏകദിന ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ നടത്തിയത്.

ആഗോളതലത്തിൽ സ്ത്രീ ശാക്തികരണത്തിനും സ്ത്രീകളെ ഉത്തേജിപ്പിക്കുന്നതിനും വേണ്ടിയാണ് 022 ൽ ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത ടി20 ഉൾപ്പെടുത്താൻ അവശ്യപ്പെട്ടിരിക്കുന്നതെന്ന് ഐസിസി വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള പെൺകുട്ടികൾക്ക് അതൊരു പ്രചോദമാകുമെന്നും ഐസിസി പ്രസ്താവനയിൽ പറയുന്നു.

ഐസിസി വനിത ടി20 ലോകകപ്പ് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഐസിസിയുടെ പുതിയ നീക്കം. പത്ത് രാജ്യങ്ങൾ മത്സരിച്ച ലോകകപ്പിൽ ഓസ്ട്രേലിയയാണ് കിരീടം ഉയർത്തിയത്. ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ഇന്ത്യ സെമിയിൽ പുറത്തായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook