മധ്യനിരയില്‍ സുഷ്മ വര്‍മ്മയും അമേലിയ കെറും നടത്തിയ ചെറുത്തു നില്‍പ്പിന്റെ കരുത്തില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. വനിതാ ഐപിഎല്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയായ വനിതാ ടി20 ടൂര്‍ണമെന്റിലെ കിരീടം എന്ന നാഴികക്കല്ലിലേക്ക് സൂപ്പര്‍ നോവാസിന് 122 റണ്‍സിന്റെ അകലം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സുമായാണ് വെലോസിറ്റി പുറത്തായത്.
മുന്‍ നിര ബാറ്റ്‌സ് വുമണ്‍മാരെല്ലാം നേരത്തെ തന്നെ കൂടാരം കയറിയപ്പോള്‍ മധ്യനിരയില്‍ ഒരുമിച്ച സുഷ്മയും അമേലിയയും ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പാണ് വെലോസിറ്റിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ഹര്‍മന്‍പ്രീതും സംഘവും നയം വ്യക്തമാക്കിയിരുന്നു. പിന്നാലെ മറ്റ് താരങ്ങളേയും വെലോസിറ്റിക്ക് നഷ്ടമായി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വവുമായി ഇറങ്ങിയ നായിക മിതാലി രാജ് 22 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ വെലോസിറ്റി 100 കടക്കും മുമ്പ് തന്നെ പുറത്താകുമെന്ന് കരുതിയതായിരുന്നു.
എന്നാല്‍ അമേലിയയും സുഷ്മയും പ്രതിരോധിക്കുകയായിരുന്നു. 32 പന്തില്‍ 40 റണ്‍സ് നേടിയ സുഷ്മയാണ് ടോപ്പ് സ്‌കോറര്‍. മൂന്ന് ഫോറും ഒരു സിക്‌സും സുഷ്മ അടിച്ചു. അമേലിയ 38 പന്തില്‍ 36 റണ്‍സ് നേടി. നാല് ഫോറടക്കമാണ് അമേലിയയുടെ സ്‌കോര്‍.
സൂപ്പര്‍ നോവാസ് ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് നേടിയ ലിയ തഹൂഹുവാണ്. അനൂജ പാട്ടീലും സോഫി ഡെവിനും നതാലിയ സീവറും പൂനം യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.