വനിത ടി-20 ചലഞ്ചിലെ രണ്ടാം മത്സരത്തിൽ ട്രെയൽബ്ലേസേഴ്‌സിന് ജയം. വെലോസിറ്റിയെയാണ് ട്രെയൽബ്ലേസേഴ്‌സ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത വെലോസിറ്റി 15.1 ഓവറിൽ 47 റൺസിന് ഓൾഔട്ടായി. ക്യാപ്‌റ്റൻ മിതാലി രാജ് അടക്കമുള്ള പ്രമുഖ ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടതാണ് വെലോസിറ്റിക്ക് തിരിച്ചടിയായത്. ഷഫാലി വർമ ( ഒൻപത് പന്തിൽ 13 റൺസ്, കാസ്‌പെറെക് ( 20 പന്തിൽ പുറത്താകാതെ 11 റൺസ്), ശിഖ പാണ്ഡെ ( 17 പന്തിൽ 10 റൺസ്) എന്നിവർ മാത്രമാണ് വെലോസിറ്റിക്ക് വേണ്ടി രണ്ടക്കം കണ്ടത്. മിതാലി രാജ് ഒരു റൺസെടുത്ത് പുറത്തായി. ട്രെയൽബ്ലേസേഴ്‌സിന് വേണ്ടി സോഫി ഇക്ലസ്റ്റോൺ നാല് വിക്കറ്റ് നേടി. ഗോസ്വാമി, ഗയക്വാഡ് എന്നിവർ രണ്ട് വീതവും ദീപ്തി ശർമ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ ട്രെയൽബ്ലേസേഴ്‌സ് അതിവേഗം ലക്ഷ്യത്തിലെത്തി. 7.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ട്രെയൽബ്ലേസേഴ്‌സ് വിജയം സ്വന്തമാക്കിയത്. ആറ് റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിക്കറ്റ് മാത്രമാണ് ട്രെയൽബ്ലേസേഴ്‌സിന് നഷ്ടമായത്. ദീൻദ്ര ഡോട്ടിൻ 28 പന്തിൽ നിന്ന് 29 റൺസും റിച്ച് ഗോഷ് 10 പന്തിൽ നിന്ന് 13 റൺസുമായും പുറത്താകാതെ നിന്നു.

Read Also: ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നതിനേക്കാൾ പ്രാധാന്യം ഐപിഎല്ലിനുണ്ടോ ? രോഹിത് ശർമയ്‌ക്ക് വിമർശനം

വനിത ടി-20 ചലഞ്ചിൽ വെലോസിറ്റിയുടെ രണ്ട് മത്സരങ്ങൾ പൂർത്തിയായി. ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർനോവയോട് വെലോസിറ്റി ജയിച്ചിരുന്നു. ട്രെയൽബ്ലേസേഴ്‌സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടന്നത്.

വനിത ടി-20 ചലഞ്ചിലെ മറ്റ് മത്സരങ്ങൾ

നവംബർ ഏഴ്, ഇന്ത്യൻ സമയം 7.30: ട്രെയൽബ്ലേസേഴ്‌സ്-സൂപ്പർനോവാസ്

നവംബർ ഒൻപത്, ഇന്ത്യൻ സമയം 7.30: ഫൈനല്‍

മത്സരങ്ങൾ സ്‌റ്റാർ സ്‌പോർട്‌സിൽ തത്സമയം ഉണ്ടാകും. ഹോട്ട്‌സ്‌റ്റാറിലും തത്സമയം കാണാം.

മൂന്ന് ടീമുകൾ

സൂപ്പർനോവാസ്, വെലോസിറ്റി, ട്രെയൽബ്ലേസേഴ്‌സ് എന്നീ മൂന്ന് ടീമുകൾ തമ്മിലാണ് പരസ്‌പരം ഏറ്റുമുട്ടുക. ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളിൽ ഏറെ ആരാധകരുള്ള മിതാലി രാജ് വെലോസിറ്റിയെ നയിക്കുന്നു. ട്രെയിൽബ്ലേസേഴ്‌സിനെ നയിക്കുന്നത് സ്‌മൃതി മന്ദാനയാണ്. സൂപ്പർനോവാസിനെ ഹർമൻപ്രീത് കൗർ നയിക്കും.

ഓസീസ് താരങ്ങൾ പങ്കെടുക്കുന്നില്ല

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ന്യുസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും വനിത ടി-ചലഞ്ചിൽ പങ്കാളികളാകും. ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് നടക്കുന്നതിനാലാണ് ഓസീസ് താരങ്ങൾക്ക് ഇത്തവണ വനിത ടി-20 ചലഞ്ചിൽ പങ്കെടുക്കാൻ സാധിക്കാത്തത്.

എന്താണ് വനിത ടി-20 ചലഞ്ച്

2018 മുതലാണ് ബിസിസിഐ വനിത ടി-20 ചലഞ്ച് സംഘടിപ്പിക്കാൻ തുടങ്ങിയത്. ഇന്ത്യൻ പ്രീമിയർ ലീഗിനൊപ്പമാണ് വനിത ടി-20 ലീഗും നടക്കുക. ഇത്തവണ യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിനുള്ള ഇന്ത്യൻ താരങ്ങൾ നേരത്തെ യുഎഇയിലെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിലെത്തിയ ഇന്ത്യൻ താരങ്ങൾ ആറ് ദിവസം ക്വാറന്റെെനിൽ ആയിരുന്നു. മൂന്നാം സീസണാണ് ഇപ്പോൾ യുഎഇയിൽ നടക്കുന്നത്. നേരത്തെ രണ്ട് തവണയും സൂപ്പർനോവാസാണ് കിരീടം ചൂടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook