scorecardresearch
Latest News

പെൺകരുത്തിന്റെ 2018

തങ്ങളുടെ പ്രകടന മികവ് കൊണ്ട് 2018 നെ തങ്ങളുടെ വര്‍ഷമാക്കി മാറ്റിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം

പെൺകരുത്തിന്റെ 2018

ഫിഫ ലോകകപ്പ് ഫുട്ബോൾ ഉൾപ്പടെ നിരവധി ടൂർണമെന്റുകളാൽ കായിക ലോകം സജീവമായ നിന്ന 2018 വിടപറയുകയാണ്. ഇതിനിടയിൽ ഏടുത്ത് പറയേണ്ട ടൂർണമെന്റിൽ ഒന്നായിരുന്നു ഐസിസി വനിത ടി20 ലോകകപ്പ്. ഇന്ത്യൻ വനിതകൾ സെമിയിൽ പുറത്തായെങ്കിലും വനിത ക്രിക്കറ്റിലെ മനോഹരമായ പല നിമിഷങ്ങൾക്കും ലോകകപ്പ് വേദിയായി. ഇന്ത്യൻ നായിക ഹർമ്മൻപ്രീതിന്റെ സെഞ്ചുറി നേട്ടവും ഇതിൽ ഉൾപ്പെടുന്നു.

കരുത്തുകൊണ്ടും കഴിവുകൊണ്ടും ഒട്ടനവധി വനിതകൾ കായിക ലോകത്തെ താരങ്ങളായി മാറി. പുത്തൻ താരോധയങ്ങൾക്കും ശക്തമായ തിരിച്ചുവരവുകൾക്കും 2018 സാക്ഷിയായി. തങ്ങളുടെ പ്രകടന മികവ് കൊണ്ട് 2018 നെ തങ്ങളുടെ വര്‍ഷമാക്കി മാറ്റിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

Read Also: കഴിഞ്ഞ വർഷം കളിക്കളത്തോട് വിടപറഞ്ഞ പ്രധാന താരങ്ങൾ

മേരി കോം

മേരി കോം

2018 മേരി കോമിന്റേത് കൂടിയാണ് എന്ന് തെളിയിക്കുകയായിരുന്നു ഡൽഹിയിൽ നടന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്. കായികലോകം കണ്ട ഏറ്റവും മഹത്തായ തിരിച്ചു വരവുകളിലൊന്നായിരുന്നു മേരി കോമിന്റേത്. തന്റെ കരിയറിലെ ആറാം ലോക ചാമ്പ്യന്‍ഷിപ്പ് സ്വർണ്ണം മേരി കഴുത്തിലണിഞ്ഞു. ആറാം സ്വര്‍ണത്തോടെ ലോക ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമെന്ന ക്യൂബന്‍ ഇതിഹാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോര്‍ഡിനൊപ്പമെത്തി 35 കാരിയായ മേരി.

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ റാണി താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയായിരുന്നു മേരി കോം. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ മേരി കോം, പിന്നീട് 2002 മുതല്‍ 2010 വരെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ച് സ്വര്‍ണ്ണം നേടി. പിന്നീട് ഏട്ട് വർഷങ്ങൾക്ക് ശേഷമാണ് മേരി വീണ്ടും സ്വർണ്ണമണിഞ്ഞത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ മേരി പെൺകരുത്തിന്റെ മറുപേരായി മാറുക കൂടിയായിരുന്നു.

Read Also: മെൽബണിൽ ചരിത്രമെഴുതി കോഹ്‍ലിപ്പട; തിരുത്തിയത് ഒരുപിടി റെക്കോർഡുകൾ

നവോമി ഒസാക്ക

നവോമി ഒസാക്ക

ടെന്നീസ് കോർട്ടിലെ പുത്തൻ താരോദയമാവുകയായിരുന്നു നവോമി ഒസാക്ക ഇരുപത്തിയൊന്നുകാരി. ഒരേ സമയം ചരിത്രത്തിന്റെ പടവുകളും അപമാനത്തിന്റെ വീഴ്ച്ചയും കണ്ട മറ്റൊരു വനിതാ താരമാണ് നവോമി ഒസാക്ക. സാക്ഷാല്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണില്‍ ഒസാക്ക ചരിത്രം കുറിച്ചു. റഫറിയുടെ ഇടപെടലും സെറീനയുടെ പൊട്ടിത്തെറിയും കണ്ട ഫൈനലിന് ശേഷം സെറീനയ്ക്ക് അരികില്‍ നിന്ന് വിതുമ്പുന്ന ഒസാക്ക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചകളിലൊന്നായിരുന്നു.

തന്റെ റോള്‍ മോഡലിനെ പരാജയപ്പെടുത്തി ജപ്പാന്റേയും തന്റേയും ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുമ്പോള്‍ നവോമിയുടെ മുഖത്ത് വികാരത്തിന്റെ തള്ളിക്കയറ്റമുണ്ടായിരുന്നില്ല. ചെറിയൊരു ചിരിയില്‍ ഒതുക്കി അവള്‍ ആ സന്തോഷത്തെ. എന്നാല്‍ കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിലേക്ക് എത്തിയതോടെ നവോമിയുടെ നിയന്ത്രണം നഷ്ടമായി. അവള്‍ പൊട്ടിക്കരഞ്ഞു. താന്‍ കരയുന്നത് ആരും കാണാതിരിക്കാന്‍ തല കുനിച്ചു നിന്ന് കണ്ണു തുടച്ചു.

ചരിത്രത്തിലാദ്യമായി സിംഗിള്‍സ് ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ജപ്പാന്‍ താരമാണ് ഒസാക്ക. ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന റാങ്കിലെത്തുന്ന രണ്ടാമത്തെ ജപ്പാന്‍ താരമാണ് ഒസാക്ക. കിമികോ ഡാറ്റയുടെ റെക്കോര്‍ഡിന് ഒപ്പമാണ് ഒസാക്ക എത്തിയത്. രണ്ട് കിരീടങ്ങളാണ് ഇക്കൊല്ലം ഒസാക്ക നേടിയത്.

 

ഹിമ ദാസ്

ഹിമ ദാസ്

അത്‍ലറ്റിക്സിൽ ലോക ട്രാക്കിൽ ഇന്ത്യയുടെ സ്വർണ്ണ ദാഹത്തിന് ശമനം കുറിച്ചത് ഈ യുവതാരമാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതി സ്വന്തമാക്കിയ ഹിമാ ദാസ്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതി ഹിമാ ദാസ് സ്വന്തമാക്കിയ വർഷമാണ് 2018.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. അവിടെകൊണ്ട് തീർന്നില്ല ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ 4X400 മീറ്റര്‍ റിലേ ടീമില്‍ ഹിമയുമുണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെളളി മെഡലും നേടി ഹിമ. പിന്നാലെ ഏഷ്യന്‍ ഗെയിംസിലെ പ്രഥമ മിക്‌സഡ് റിലേയിലും ഹിമയുടെ ടീം വെള്ളി നേടി. രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയാണ് ഹിമയെ ആദരിച്ചത്.

 

പി വി സിന്ധു

പി വി സിന്ധു

ബാഡ്മിന്റണിൽ പി വി സിന്ധുവിന് മറ്റൊരു അഭിമാന വർഷമാണ് കടന്നുപോകുന്നത്. ഫൈനലില്‍ തോല്‍ക്കുന്ന ശീലത്തിന് 2018ൽ പിവി സിന്ധു അന്ത്യം കുറിച്ചു. ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി.സിന്ധുവിന് കിരീടം. ഇത് ആദ്യമായാണ് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരം കിരീടം നേടുന്നത്. കലാശപ്പോരില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു കിരീടം നേട്ടം.

കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ ജപ്പാന്‍ താരത്തോട് സിന്ധു തോറ്റിരുന്നു. റിയോ ഒളിമ്പിക്‌സിലും സിന്ധു ഫൈനലില്‍ അടിയറവ് പറഞ്ഞിരുന്നു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളിലും, ഈ വർഷം നടന്ന ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് എന്നീ മത്സരങ്ങളിലും സിന്ധുവിന് വെളളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

 

അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗ്

അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗ്

വനിതാ ഫുട്ബോള്‍ താരത്തിനുള്ള പ്രഥമ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയാണ് അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗ് 2018ൽ വാർത്തകളിൽ ഇടം നേടുന്നത്. അതേ ബാലന്‍ ദി ഓര്‍ പുരസ്‌കാര വേദിയില്‍ തന്നെ അപമാനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അത് അഡയുടെ നേട്ടത്തിന്റെ മാറ്റ് ഒട്ടും കുറച്ചില്ല. ചരിത്രത്തില്‍ ആദ്യമായി വനിത ഫുട്ബോള്‍ താരത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോൾ കായിക ലോകം പുരസ്കരത്തിനായി തിരഞ്ഞെടുത്തത് അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗ് എന്ന നോർവേയിൻ താരത്തെയാണ്.

ഒളിംപിക് ലിയോണൈസ് ഫുട്ബോള്‍ ക്ലബിന്റെ മുന്നേറ്റ താരമായ അഡ, നോര്‍വേയുടെ ദേശീയ ടീമിന്റെ സ്ട്രൈക്കറാണ്. ഫ്രാന്‍സ് ഡിവിഷന്‍ വണ്ണില്‍ പത്ത് കളികളില്‍ നിന്ന് പത്ത് ഗോള്‍ നേടിയ ഇവര്‍ വനിതകളുടെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് ഗോളാണ് കഴിഞ്ഞ സീസണില്‍ നേടിയത്.

 

സ്വപ്‌നാ ബര്‍മന്‍

സ്വപ്‌നാ ബര്‍മന്‍

ട്രാക്കിൽ ഏറെ വിയർപ്പൊഴുക്കി ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയാണ് ഇരുപത്തൊന്നുകാരിയായ സ്വപ്ന ബര്‍മന്‍ സ്വന്തമാക്കിയത്. അങ്ങനെ ഇന്ത്യൻ അത്‍ലറ്റിക്സ് ചരിത്രത്തിൽ മറ്റൊരു സുവർണതാൾ സ്വപ്ന എഴുതി ചേർത്തു. 6026 പോയിന്റോടെയായിരുന്നു സ്വപ്ന സ്വര്‍ണം നേടിയത്. ഹൈജംപില്‍ 1003 പോയിന്റ്, ജാവലിന്‍ ത്രോയില്‍ 872 പോയിന്റ്, ഷോട്ട്പുട്ടില്‍ 707, ലോങ് ജംപില്‍ 865 എന്നിങ്ങനെയാണ് സ്വപ്നയുടെ നേട്ടം. 100 മീറ്ററില്‍ 981 പോയിന്റും 200 മീറ്ററില്‍ 790 പോയിന്റുമാണ് സ്വപ്ന നേടിയത്.

നിരവധി വെല്ലുവിളികളെ അതിജീവിച്ചായിരുന്നു സ്വപ്നയുടെ സ്വര്‍ണനേട്ടം. പന്ത്രണ്ട് വിരലുകളുള്ള സ്വപ്ന കടുത്ത വേദന സഹിച്ചാണ് പരിശീലനം നടത്തിയിതും ജക്കർത്തയിൽ സ്വർണ്ണമണിഞ്ഞതും. ഏഷ്യൻ ഗെയിംസിന് പിന്നാലെ സ്വപ്‌നയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ഷൂസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അറിയിച്ച് നൈക്കി രംഗത്തെത്തിയതും 2018ൽ അത്‌ലറ്റിക്‌സിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു.

 

വിനേഷ് ഫോഗട്ട്

വിനേഷ് ഭോഗട്ട്

ലോക ഗുസ്തി ഗോദയിൽ ഇന്ത്യ പുത്തൻ താരത്തെ അവരിപ്പിച്ച വർഷമാണ് കടന്നു പോകുന്നത്. ഫോഗട്ട് സഹോദരിമാരിൽ നിന്ന് മറ്റൊരു താരം കൂടി അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൊയ്തു. 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫോഗട്ടിന്റെ സുവർണ്ണ നേട്ടങ്ങൾ.

ഹരിയാന സ്വദേശിയായ വിനേഷ് ഫോഗട്ട് കോമൺവെൽത്ത് ഗെയിംസിന് പുറമെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും സ്വർണ്ണമണിഞ്ഞു. പരിക്കിനെ വകവെയ്ക്കാതെയായിരു്നനു വിനേഷ് ഫോഗട്ടിന്റെ നേട്ടമെന്നതും ശ്രദ്ധയേമാണ്. 2018 ൽ ഗുസ്തിയിലും ഇന്ത്യക്ക് അഭിമാനിക്കാൻ ഒരു താരമുണ്ടായി.

 

മനു ഭാക്കർ

മനു ഭാക്കർ

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയും താരോദയവുമായി മാറുകയായിരുന്നു മനു ഭാക്കർ എന്ന 16 വയസുകാരി. മൂന്ന് അന്താരാഷ്ട്ര മേളകളിൽ നിന്നായി നാല് സ്വർണ്ണവും ഒരു വെള്ളിയുമാണ് അരങ്ങേറ്റ വർഷമായ 2018ൽ തന്നെ മനു സ്വന്തമാക്കിയത്. ഇതിൽ ലോകകപ്പിലെ ഇരട്ട സ്വർണ്ണവും ഉൾപ്പെടും.

10 മീറ്റർ എയർ പിസ്റ്റളിൽ വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമാണ് ലോകകപ്പിലെ മനുവിന്റെ സ്വർണനേട്ടം. കോമൺവെൽത്ത് ഗെയിംസിലും താരം സ്വർണം എയ്തിട്ടു. യൂത്ത് ഒളിംമ്പിക്സിലും മനു താരമായി 10 മീറ്റർ എയർ പിസ്റ്റളിൽ വ്യക്തിഗത ഇനത്തിൽ സ്വർണവും ടീമിനത്തിൽ വെള്ളിയും മനു സ്വന്തമാക്കി.

 

സ്മൃതി മന്ദാന

സ്മൃതി മന്ദാന

മിതാലി രാജിനും ഹർമ്മൻപ്രീതിനും ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റിങ് വെടിക്കെട്ടുമായി തിളങ്ങിയ താരമാണ് സ്മൃതി മന്ദാന. 2018ലും സ്മൃതിയുടെ ബാറ്റിൽ വസന്തം വിരിഞ്ഞു. വനിത ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി കുതിപ്പിനും താരത്തിന്റെ പ്രകടനം നിർണായകമായി. ഓസ്ട്രേലിയയിൽ നടക്കുന്ന വനിത ബിഗ്ബാഷ് ലീഗിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

ഒടുവിൽ ഐസിസിയുടെ ഈ വര്‍ഷത്തെ വനിത ക്രിക്കറ്റ് താരത്തിനുള്ള റെയ്ച്ചല്‍ ഹേയ്‌ഹോയ് ഫ്‌ളിന്റ് അവാര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയെ തേടിയെത്തി. ഈ വര്‍ഷത്തെ ഏകദന താരത്തിനുള്ള അവാര്‍ഡും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്‌വുമണിനാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Women sports stars of