വനിത ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യക്ക് എതിരെ ന്യൂസിലാൻഡിന് 266 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് എടുത്തത്. സെഞ്ചുറി നേടിയ നായിക മിഥാലി രാജാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

സെമി പ്രവേശനം നിർണ്ണയിക്കുന്ന നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരെ തുടക്കത്തിൽ തന്ന മടക്കി മികച്ച തുടക്കമാണ് നേടിയത്. സ്മൃതി മന്ദാന (13), പൂനം റാവത്ത് (4) റൺസിനുമാണ് പുറത്തായത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മിഥാലി രാജും ഹർമൻപ്രീത് കൗറും ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് 132 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 90 പന്തിൽ 60 റൺസ് എടുത്താണ് ഹർമ്മൻപ്രീത് പുറത്തായത്.

പിന്നാലെ എത്തിയ വേദ കൃഷ്ണമൂർത്തി തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിൽ​ എത്തി. വേദ 45 പന്തിൽ 70 റൺസാണ് നേടിയത്. 7 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു വേദയുടെ ഇന്നിങ്ങ്സ് . 119 പന്തിൽ 109​ റൺസാണ് മിഥാലി എടുത്തത്. 11 ഫോറുകൾ അടങ്ങുന്നതായിരുന്നു മിഥാലിയുടെ ഇന്നിങ്ങ്സ്. നിർണ്ണായക മത്സരത്തിൽ നായികയുടെ മികവ് പുറത്തെടുത്ത മിഥാലി രാജാണ് ഇന്ത്യയുടെ രക്ഷകായത്.

ഇന്ത്യ , ന്യൂസിലാൻഡ് മത്സരത്തിലെ വിജയികളായിരിക്കും സെമിഫൈനലിൽ കടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ