വനിത വോളിയിലെ മലയാളിപ്പെരുമ ലോകപ്രശസ്തമാണ്. കെ.സി.ഏലമ്മ, ജെയ്സമ്മ മൂത്തേടം, സലോമി രാം, ടി.ജി.രാജു തുടങ്ങിയ മലയാളി താരങ്ങൾ എല്ലാം ദേശീയ അന്തർദേശീയ തലത്തിൽ തങ്ങളുടെ മികവ് തെളിയിച്ചവരാണ്. ഈ താരങ്ങളെല്ലാം കാട്ടിയ വഴിയേ കുതിക്കുകയാണ് കേരളത്തിന്റെ അടുത്ത തലമുറ. അറുപത്തിയാറമത് ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയത്വം വഹിക്കുമ്പോൾ വിവിധ ടീമുകൾക്കായി മലയാളിപ്പെൺ കൊടികൾ കളത്തിലിറങ്ങുന്നുണ്ട്.
9 വർഷമായി ദേശീയ സീനിയർ വനിതാ വിഭാഗത്തിൽ ചാമ്പ്യൻമാരായ റെയിൽവേസ് ഇത്തവണയും കേരള താരങ്ങളുടെ കരുത്തിലാണ് ഇറങ്ങുന്നത്. ഇന്ത്യൻ ദേശീയ താരമായ മിനി മോൾ എബ്രഹാമാണ് ടീമിന്റെ യൂണിവേഴ്സൽ അറ്റാക്കർ. ഇന്ത്യക്കായി 2 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത താരമാണ് മിനി മോൾ എബ്രഹാം. കോഴിക്കോട് വടകര സ്വദേശിനിയായ പൂർണ്ണിമ മുരളീധരനാണ് റെയിൽവേസ് ടീമിലെ മറ്റൊരു പ്രധാന താരം. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ച താരമാണ് പൂർണ്ണിമ. ഇന്ത്യൻ കുപ്പായത്തിൽ 10 വർഷത്തോളം കളിച്ച കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിനി വി.സൗമ്യയും ടീമിന്റെ കരുത്താണ്. സിമിഷ കെ.എസ്, ദേവിക രാജൻ എന്നിവരും റെയിവേ ടീമിന്റെ കരുത്താണ്.
പശ്ചിമ ബംഗാളിന്റെ വനിത ടീമിലും ഉണ്ട് മലയാളി താരങ്ങൾ. തൃശ്ശൂർ സ്വദേശികളായ ആശ സ്റ്റെനി, റിച്ചു മേരി വർഗീസ് എന്നിവരാണ് ബംഗാളിന്റെ പ്രധാന താരങ്ങൾ. ഇടുക്കി സ്വദേശിനി അഞ്ചു തോമസ്, കോഴിക്കോടുകാരി മിഥു മോണിക്ക എബ്രഹാം, കാസർഗോഡുകാരി ജിലിൻ അന്ന ജോൺസൺ എന്നിവരും ബംഗാൾ നിരയിൽ ഉണ്ട്. ഈസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നവരാണ് ഇവരിൽ പലരും.
കഴിഞ്ഞ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ മഹാരാഷ്ട്ര ടീമിന്റെ പ്രധാന താരങ്ങളും മലയാളി പെൺകൊടികൾ തന്നെയാണ്. 6 താരങ്ങളാണ് മഹാരാഷ്ട്രയുടെ ജഴ്സി അണിയുന്നത്. കാസർഗോഡ് സ്വദേശിനി ഭാഗ്യലക്ഷ്മി പി.സിയാണ് മഹാരാഷ്ട്ര ടീമിന്റെ സെറ്റർ. വയനാട് സ്വദേശിനി ആതിര ചന്ദ്രനാണ് ടീമിന്റെ യൂണിവേഴ്സൽ അറ്റാക്കർ. സെന്റർ ബ്ലോക്ക് റോളിൽ കണ്ണൂർ സ്വദേശിനി അഖില എം. ബെന്നിയും, അറ്റാക്കിങ് റോളിൽ മലപ്പുറംകാരി അശ്വിനിയും, കോഴിക്കോട് സ്വദേശിനി ലിൻസിയും കളിക്കുന്നു. കോഴിക്കോട് പനങ്ങാട് സ്വദേശിനിയായ ബിൻസിയാണ് ടീമിന്റെ ലിബറോ. ഈ ആറ് താരങ്ങളും വെസ്റ്റേൺ റെയിവേയിലാണ് ജോലിചെയ്യുന്നത്.
ഒറീസ ടീമിലുമുണ്ട് മലായാളി സാന്നിധ്യം. കേരളത്തിലെ വിവിധ കോളേജ് ടീമുകൾക്കായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരങ്ങളാണ് ഒറീസയ്ക്ക് വേണ്ടി അണി നിരക്കുന്നത്. ആതിര കെ.പി, പുണ്യ ജെയിൻ, നിമ്മി രാജ്, അനുഷ തുടങ്ങിയവരാണ് ഒറീസ ടീമിൽ അണി നിരക്കുന്നത്.
വോളിബോളിലെ കേരളത്തിന്റെ പെരുമ കാത്ത് സൂക്ഷിക്കാൻ ഇനിയും ഏറെ താരങ്ങൾ വെമ്പിനിൽക്കുന്നുണ്ട്. വിവിധ ക്ലബുകൾക്കായും കോളേജ് ടീമുകൾക്കായും കളിക്കുന്ന ഒരുപിടി താരങ്ങളാണ് ദേശീയ- അന്തർദേശീയ തലത്തിൽ മികവറിയിക്കാനായി തങ്ങളുടെ ഊഴം കാത്ത് നിൽക്കുന്നത്.