മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. സ്വന്തം മൈതാനത്ത് വോൾവ്സിനോട് 3-2 എന്ന സ്കോറിനാണ് സിറ്റി പരാജയം ഏറ്റുവാങ്ങിയത്.

ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാമെന്നും അതോടൊപ്പം ലീഗിൽ ലെസ്റ്റർ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറാമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം. 12-ാം മിനിറ്റിൽ തന്നെ ഗോൾ കീപ്പർ എഡേഴ്സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എന്നാൽ ഇരട്ട ഗോളുകളോടെ തിളങ്ങിയ റഹീം സ്റ്റൈർലിങ് സിറ്റിക്ക് ലീഡ് നൽകി. 25-ാം മിനിറ്റിലും 50-ാം മിനിറ്റിലുമായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ ഗോളുകൾ.

Read Also: ബോക്സിങ് ഡേയിൽ ലിവർപൂൾ, ടോട്ടനം, യുണൈറ്റഡ് ടീമുകൾക്ക് ജയം; അടിതെറ്റി ചെൽസി

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന വോൾവ്സ് വമ്പൻ​ ടീമുകൾക്കെിരെ പുറത്തെടുക്കുന്ന അതേ വീര്യം വീണ്ടും പുറത്തെടുത്തു. തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട വോൾവ്സ് 55-ാം മിനിറ്റിൽ ആദ്യ ഗോൾ മടക്കി. പിന്നീട് 82-ാം മിനിറ്റിൽ റൗള്‍ ഗിമിനെസിലൂടെ സമനില പിടിച്ച സന്ദർശകർ കളി അവസാനിക്കാൻ ഒരു മിനിറ്റ് മുമ്പ് വിജയഗോളും കണ്ടെത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് എത്താനും ടീമിനായി.

തോൽവിയോടെ സിറ്റിയുടെ ഹാട്രിക്ക് കിരീടമെന്ന മോഹം ഏറെക്കുറെ അവസാനിച്ചു. മുൻ ചാംപ്യൻമാരുടെ സീസണിലെ അഞ്ചാം തോൽവിയാണിത്. മത്സരഫലത്തോടെ നിലവിൽ അപരാജിതരായി കുതിക്കുന്ന ലിവർപൂളിന് 14 പോയിന്റ് ലീഡായി. നാളെ ഷെഫീൽഡ് യുണൈറ്റഡുമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത പ്രീമിയർ ലീഗ് മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook