ഏകദിന ക്യാപ്റ്റൻസിയുടെ അധിക സമ്മർദ്ദമില്ലാത്ത വിരാട് കോഹ്ലി വളരെ അപകടകാരിയായ കളിക്കാരനാവുമെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ.
“ക്യാപ്റ്റൻസിയുടെ അഭാവം വിരാട് കോഹ്ലിയെ കൂടുതൽ മോചിപ്പിച്ചേക്കാം. ക്യാപ്റ്റൻസിയുടെ സമ്മർദം തന്റെ ചുമലിൽ ഇല്ലാത്തതിനാൽ വൈറ്റ്-ബോൾ ക്രിക്കറ്റിൽ അയാൾ കൂടുതൽ അപകടകാരിയായേക്കാം,” സ്റ്റാർ സ്പോർട്സിലെ ഫോളോ ദ ബ്ലൂസ് ഷോയിൽ സംസാരിച്ച ഗംഭീർ പറഞ്ഞു,
“അയാൾ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, വൈറ്റ് ബോൾ ക്രിക്കറ്റിലോ റെഡ് ബോൾ ക്രിക്കറ്റിലോ അയാൾ റൺസ് നേടിക്കൊണ്ടിരിക്കും. അതേസമയം, ടീമിനായി സ്വന്തം കാഴ്ചപ്പാട് നൽകുന്ന രണ്ട് വ്യത്യസ്ത ആളുകൾ ഒരുപക്ഷേ ഉണ്ടാകും, അവർ സ്വന്തം ചിന്തകൾ നൽകും, ”ഗംഭീർ കൂട്ടിച്ചേർത്തു.
കോഹ്ലി ക്യാപ്റ്റൻ ആയാലും ഇല്ലെങ്കിലും, ഒരു ഇന്ത്യൻ ടീം കളിക്കാരനെന്ന നിലയിൽ തന്റെ പ്രവർത്തനത്തിലുടനീളം അദ്ദേഹം കാണിച്ച ആവേശവും തീവ്രതയും അതേപടി നിലനിൽക്കുമെന്ന് ഗംഭീർ കരുതുന്നു.
Also Read: രോഹിത് നായക സ്ഥാനത്ത് എത്താനുള്ള കാരണങ്ങള്; ഗാംഗുലി പറയുന്നു
“റെഡ് ബോൾ ക്രിക്കറ്റായാലും വൈറ്റ് ബോൾ ക്രിക്കറ്റായാലും വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനം ഇന്ത്യ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതേസമയം, ഇത്രയും കാലം അദ്ദേഹം കാണിച്ച ആവേശവും ഊർജവും, ക്യാപ്റ്റൻ ആയാലും ഇല്ലെങ്കിലും വിരാട് കോഹ്ലിയിൽ നിന്നും നിങ്ങൾ ഇനിയും കാണും,” ഗംഭീർ പറഞ്ഞു.
ബുധനാഴ്ച വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റനായി ബിസിസിഐ നിയമിക്കുകയും മൊത്തത്തിലുള്ള വൈറ്റ് ബോൾ ചുമതല രോഹിത് ശർമ്മയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ടെസ്റ്റ് ഓപ്പണറായ രോഹിത് ഇനി ടി20, ഏകദിന ടീമുകളെ നയിക്കും.
ഇന്ത്യയുടെ ഏറ്റവും വിജയകരമായ വൈറ്റ് ബോൾ ക്യാപ്റ്റൻമാരിൽ ഒരാളാണ് കോലി. 95 ഏകദിനങ്ങളിൽ അദ്ദേഹം 65 എണ്ണത്തിലും വിജയിച്ചു, വിജയശതമാനം 70ന് മുകളിൽ നൽകി. 45 ടി20യിൽ 27 തവണ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പരിമിത ഓവർ ക്രിക്കറ്റിൽ ദീർഘകാലം കോഹ്ലിയുടെ വൈസ് കാപ്റ്റൻ ആയിരുന്നു ശർമ്മ.
ന്യൂസിലൻഡിനെതിരായ അടുത്തിടെ നടന്ന മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയിൽ മുഴുവൻ സമയ ചുമതല നൽകുന്നതിനുമുമ്പ് 10 ഏകദിനങ്ങളിലും 19 ടി 20 ഐകളിലും രോഹിത് ടീമിനെ നയിച്ചു. ക്ലീൻ സ്വീപ്പോടെയാണ് അദ്ദേഹം തുടങ്ങിയത്. മുംബൈ ഇന്ത്യൻസിനെ നയിച്ച് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ രോഹിത്തിനെ കോഹ്ലിയുടെ പിൻഗാമിയായി തിരഞ്ഞെടുത്തു.
Also Read: ‘പുഷ്പ’യിലെ അല്ലു അർജുനായി വാർണർ; സുഹൃത്തേ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് കോഹ്ലി
2017ലാണ് ധോണിയിൽ നിന്ന് പരിമിത ഓവർ ക്യാപ്റ്റൻസി കോഹ്ലി ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ എല്ലാ രാജ്യങ്ങളിലും പരിമിത ഓവർ പരമ്പരകൾ നേടി. എന്നാൽ ഐസിസി ഇവന്റുകളിൽ ഇന്ത്യക്ക് വിജയിക്കാനായില്ല. 2017 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനൽ വരെയെത്തിയതാണ് താരതമ്യേന ഭേദപ്പെട്ട നേട്ടം, അവിടെ ടീം ഫൈനലിൽ പാകിസ്ഥാനോട് തോറ്റു.
ഈ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിലും ഇന്ത്യ പിന്നാക്കമായിരുന്നു. പാക്കിസ്ഥാനെതിരെയും ന്യൂസിലൻഡിനെതിരെയും തങ്ങളുടെ ആദ്യ രണ്ട് ഗ്രൂപ്പ് ലീഗ് മത്സരങ്ങൾ തോറ്റ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.