കഴിഞ്ഞ മൂന്ന് മോശം ഐപിഎൽ സീസണുകൾക്ക് ശേഷം ഈ വർഷം രാജസ്ഥാൻ റോയൽസിന് ഒരു തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാർ സംഗക്കാര. അതിന് കഴിയുന്ന ഏറ്റവും ശക്തമായ ടീം ഇത്തവണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളിലും പോയിന്റ് പട്ടികയിൽ ഏഴ്, എട്ട്, ഏഴ്, എന്നിങ്ങനെ സ്ഥാനങ്ങളിലായിരുന്നു രാജസ്ഥാൻ റോയൽസ്.
“ഞങ്ങളുടെ ടീമുമായി ബന്ധപ്പെട്ട് സീസണിന് മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞങ്ങൾക്കറിയാം. ശ്രദ്ധ വേണ്ട പ്രധാന മേഖലകൾ തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു, കൂടാതെ ലേലത്തിൽ കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ പദ്ധതികൾ ഉണ്ടായിരുന്നത് ശരിയായ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനും ഗുണം ചെയ്തു, ”ശ്രീലങ്കൻ ഇതിഹാസ താരം ടീമിന്റെ വാർത്താകുറിപ്പിൽ പറഞ്ഞു.
ആർ. അശ്വിന്റെയും, യുസ്വേന്ദ്ര ചഹലിന്റെയും സാന്നിധ്യം ടീമിൽ വലിയ മാറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
“ഓഫ് സ്പിന്നിനും ലെഗ് സ്പിന്നിനും അശ്വിൻ, ചഹൽ എന്നിങ്ങനെ ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ട് സ്പിന്നർമാരെ ഞങ്ങൾക്ക് ലഭിച്ചു. ഫാസ്റ്റ് ബോളിങ്ങിന് ബോൾട്ട്, പ്രസീദ്, സൈനി, കൗൾട്ടർ-നൈൽ, മക്കോയ് എന്നിവരുമുണ്ട്, ബാറ്റിങ്ങിൽ ബട്ട്ലർ, യശ്വസി ജയ്സ്വാൾ, സഞ്ജു സാംസൺ എന്നീ പ്രതിഭകളുമുണ്ട്” സംഗക്കാര പറഞ്ഞു.
നീഷാം, മിച്ചൽ, വാൻ ഡെർ ഡസ്സൻ എന്നിങ്ങനെ മികച്ച താരങ്ങളും ടീമിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും നല്ല യുവകളിക്കാരും ടീമിലുണ്ട്. എല്ലാ മേഖലകളിലേക്കും ഏറ്റവും അനുയോജ്യമായ താരങ്ങളെ കൊണ്ടുവരാനായി എന്നതാണ് പ്രധാന കാര്യം”
“സ്ക്വാഡ് എന്താണെന്നതിനുപരി, കളിക്കളത്തിലെ പ്രകടനമാണ് ഏറ്റവും പ്രധാനം. എങ്ങനെ എല്ലാവർക്കും അവിടെ സ്വതന്ത്രമായി കളിയ്ക്കാൻ അവസരം നല്‍കാമെന്നതാണ്,” സംഗക്കാര പറഞ്ഞു.
റോയൽസിന്റെ പരിശീലക സംഘത്തിലേക്ക് ലസിത് മലിംഗയെ ഉൾപ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തന്നിലൂടെയോ താൻ ശുപാർശ ചെയ്യുന്ന ആളുകളിലൂടെയോ ഫ്രാഞ്ചൈസിയുടെ മൂല്യം കൂട്ടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സംഗക്കാര പറഞ്ഞു.
“ആ വ്യക്തി എന്ത് മൂല്യം കൊണ്ടുവരുന്നു, നിരന്തരം മെച്ചപ്പെടാൻ അവർക്ക് ഞങ്ങളെ എങ്ങനെ സഹായിക്കാനാകും എന്നതിനെക്കുറിച്ചാണ് ആദ്യം ചിന്തിച്ചത്. ലസിത്തിന്റെയും പാഡിയുടെയും നിലവാരം എല്ലാവർക്കും അറിയാമെന്നത് വ്യക്തമാണ്. അവർക്ക് മികച്ച കരിയർ ഉണ്ടായിരുന്നു. ഞങ്ങളുടെ കിരീടത്തിലേക്കുള്ള യാത്രയിൽ അവർക്ക് നിർണായക പങ്കുവഹിക്കാനാകും.” അദ്ദേഹം പറഞ്ഞു.
Also Read: ബ്രാഡ്മാന്, ലാറ, പോണ്ടിങ്, കോഹ്ലി; ഒറ്റ ഇന്നിങ്സില്‍ ഇതിഹാസങ്ങളെ പിന്നിലാക്കി ബാബര്‍ അസം