“അബ്ബ (പിതാവ്) ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ,” എന്നാണ് ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ മുഹമ്മദ് സിറാജിന്റെ ജ്യേഷ്ഠ സഹോദരൻ ഇസ്മയിൽ പറഞ്ഞത്. മികച്ച പ്രകടനമാണ് സിറാജ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന തന്റെ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റത്തിൽ കാഴ്ചവച്ചത്.
നവംബർ 20നാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഘോസ് അന്തരിച്ചത്. പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലായിരുന്ന സിറാജിന് കോവിഡ് നിയന്ത്രങ്ങൾ കാരണം അന്ന് നാട്ടിലെത്താൻ സാധിച്ചിരുന്നില്ല.
“കഴിഞ്ഞ ഒരു മാസത്തിൽ ഞങ്ങളുടെ ജീവിതത്തിൽ കടന്നുപോയ കാര്യങ്ങൾക്കെല്ലാം ശേഷം വന്ന അഭിമാനകരമായ നിമിഷമാണ് ഞങ്ങൾക്കിത്. ഞാൻ അല്ലാഹുവിനോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. സിരാജ് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് അബ്ബ (പിതാവ്) എപ്പോഴും ആഗ്രഹിച്ചിരുന്നു. അദ്ദേഹം എപ്പോഴും പറയും, ‘രാജ്യത്തിന്റെ പേരിന് വെളിച്ചമേകൂ’എന്ന്,” ഇസ്മായിൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.പിതാവിന്റെ നിരന്തരമായ പ്രോത്സാഹനമാണ് സിറാജിന് ആത്മവിശ്വാസം പകർന്നത്.
Read More: അനീതിയാണിത്; സാഹയോടും പന്തിനോടുമുള്ള നിലപാടിനെ ചോദ്യം ചെയ്ത് ഗംഭീർ
മെൽബണിലെ സിറാജിന്റെ ബോളിങ് പ്രകടനത്തെ മുൻ സെലക്ടർ എംഎസ്കെ പ്രസാദ് അടക്കം നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്.”ഞാൻ എന്ത് പറയാനാണ്? ഇന്ന് അദ്ദേഹം പന്തെറിയുന്ന രീതിയാണ് ഞാൻ ശ്രദ്ധിച്ചത്, അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതായി തോന്നുന്നില്ല,” എംഎസ്കെ പ്രസാദ് പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കാൻ സിറാജിന് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നത് ഫാസ്റ്റ് ബൗളർമാരുടെ ധാരളമുള്ളതിനാലാണെന്നും പ്രസാദ് പറഞ്ഞു. “ഒരർത്ഥത്തിൽ, സിരാജിന്റെ കഥ ടി. നടരാജന്റെ കഥയ്ക്ക് സമാനമാണ്, കാരണം ഇവർ രണ്ടും ചെറിയ രീതിയിൽ തുടങ്ങി മുന്നേറിയവരാണ്. ഒരു റെഡ്-ബോൾ ബൗളർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യോഗ്യതകളെക്കുറിച്ച് എന്റെ മനസ്സിൽ ഒരിക്കലും സംശയമുണ്ടായിരുന്നില്ല. ട്വന്റി 20 ഫോർമാറ്റിൽ ഐപിഎല്ലിൽ സിറാജ് തന്റെ മികവ് കാണിച്ചതാണ്, ”അദ്ദേഹം പറയുന്നു.
ഓസീസിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഒന്നാം ഇന്നിങ്സിൽ വിറപ്പിച്ചത് ബുംറയും അശ്വിനും സിറാജും ചേർന്നാണ്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും അശ്വിൻ മൂന്നും അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ബോക്സിങ് ഡേ ടെസ്റ്റില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ 200 തികയ്ക്കാൻ അനുവദിക്കാതെ പുറത്താക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ. 195 റണ്‍സിന് ടീം ഒന്നടങ്കം പുറത്തായി.