“മുധോളിലെ എല്ലാ വീടുകളിലും ഒരു ഗുസ്തിക്കാരൻ ഉണ്ട്. എന്നാൽ നിങ്കയുടെ കാര്യം അങ്ങനെയല്ല – അവന് ഒരു വീടില്ല.
ഈ രണ്ട് വാചകങ്ങളിൽ, വടക്കൻ കർണാടകയിലെ ഗുസ്തിക്ക് പേരു കേട്ട പട്ടണത്തിന്റെ ചരിത്രവും അവിടത്തെ ഏറ്റവും പുതിയ താരമായ പതിനേഴുകാരനായ നിങ്കപ്പ ഗെനന്നവറിന്റെ യാത്രയും പറയുകയാണ് പ്രാദേശിക ഗുസ്തി പരിശീലകനായ അരുൺ കുമകലെ.
വ്യാഴാഴ്ച, കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഏഷ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ 45 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിന്റെ ഫൈനലിൽ ഇറാന്റെ അമീർമുഹമ്മദ് സലേഹിനെ പരാജയപ്പെടുത്തി സ്വർണമെഡൽ സ്വന്തമാക്കിയിരിക്കുകയാണ് ആ പതിനേഴുകാരൻ. ശക്തമായ പ്രതിരോധത്തിനും ശക്തമായ ലെഗ് അറ്റാക്കുകൾക്കും പേരുകേട്ട ആളാണ് നിങ്കപ്പ. അദ്ദേഹത്തിന്റെ മെഡൽ നേട്ടം ഇന്ത്യയെ ജൂനിയർ കോണ്ടിനെന്റൽ ഇവന്റിൽ ആദ്യ സ്ഥാനക്കാരാവാൻ സഹായിച്ചു. കൂടാതെ ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ പരമ്പരാഗത ഗുസ്‌തി കേന്ദ്രങ്ങളുടെ നിഴലിൽ കിടന്നിരുന്ന കർണാടകയുടെ ഗുസ്‌തി പാരമ്പര്യത്തിന് ശ്രദ്ധനേടി കൊടുക്കുകയും ചെയ്തു.
“മുധോൾ വേട്ടനായ്ക്കളാൽ പ്രസിദ്ധമാണ്, ഇവിടുത്തെ നായകൾ ഇന്ത്യയിലുടനീളം അറിയപ്പെടുന്നു,” സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഗുസ്തി പരിശീലകനായ രാം ബുദാകി പറയുന്നു. “ഇവിടെ നിന്നുള്ള അടുത്ത മികച്ച കാര്യം ഗുസ്തിക്കാരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതൊരു ചെറിയ സ്ഥലമാണ്. കൃഷ്ണ നദി ഇവിടെകൂടിയാണ് ഒഴുകുന്നത്, ഭൂരിഭാഗം ആളുകളും കർഷകരാണ്, മിക്കവാറും എല്ലാ വീടുകളിലും ഒരു ഗുസ്തിക്കാരുണ്ട്. അത് അഭിമാനമായി കാണുന്നവരാണ്. എല്ലാ ദിവസവും രാവിലെ, ഡസൻ കണക്കിന് ആൺകുട്ടികളെയും പെൺകുട്ടികളെയും നിങ്ങൾക്ക് ഗരാഡികളിൽ (അഖാഡകൾ) കാണാനാവും, ”കർണ്ണാടക റെസ്ലിംഗ് ഫെഡറേഷന്റെ സെക്രട്ടറി എൻ ആർ നരസിംഹ പറയുന്നു.
വടക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ നിന്നുള്ള ഗുസ്തിക്കാർ ഇന്ത്യൻ ടീമിൽ ഇടം നേടുന്നത് അപൂർവമാണ്; അവർ മെഡലുകൾ നേടുന്നത് അതിലും അപൂർവമാണ്. എന്നാൽ കർണാടകയിൽ നിന്നുള്ള ഗുസ്തിക്കാർ, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗമായ ബാഗൽകോട്ട് ജില്ല മുതൽ ധാർവാഡ്, ബെൽഗാം വരെയുള്ളവർ ക്രമേണ ആ ആധിപത്യം തകർക്കാൻ ശ്രമിക്കുകയാണ്.
2016 കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ സന്ദീപ് കേറ്റ് വെള്ളി മെഡൽ നേടിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം, 1995 ന് ശേഷം ദേശീയ ചാമ്പ്യൻഷിപ്പ് സ്വർണം നേടുന്ന കർണാടകയിൽ നിന്നുള്ള ആദ്യ ഗുസ്തി താരമായി അർജുൻ ഹലകുർക്കി മാറി. ഈ വർഷമാദ്യം ഗ്രീക്കോ-റോമൻ എന്ന ഗുസ്തി താരം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു.
വ്യാഴാഴ്ച നടന്ന അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നർസിംഗ് പാട്ടീൽ വെങ്കലം നേടിയപ്പോൾ നിങ്കപ്പ സ്വർണ്ണ മെഡൽ സ്വന്തമാക്കുകയായിരുന്നു. കോണ്ടിനെന്റൽ ഗുസ്തി ചാമ്പ്യൻഷിപ്പിൽ കർണാടകക്കാരൻ ഒന്നാമതാകുന്നത് ഇത് ആദ്യമാണെന്ന് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമർ പറഞ്ഞു.
“നേരത്തെ, ദേശീയ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഞങ്ങളുടെ ടീമുകളെ, പ്രത്യേകിച്ച് പ്രായപരിധി വരുന്ന ടീമുകളെ തിരഞ്ഞെടുത്തത്. ഇത്തവണ, ഞങ്ങൾ ആ മാനദണ്ഡങ്ങൾ തിരുത്തി ഒന്നിലധികം ഇവന്റുകൾ നടത്തി, അതിലെല്ലാം സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒരാളെ തിരഞ്ഞെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. നിങ്കപ്പ തന്റെ ശക്തിയും കഴിവും എല്ലാ മത്സരങ്ങളിലും കാണിച്ചു,” തോമർ പറഞ്ഞു.
ആദ്യമായി ഗരാഡിയിൽ കയറിയപ്പോൾ മുതൽ നിങ്കപ്പ വിജയം നേടുന്നുണ്ട്. അതുകൊണ്ട് തന്നെ കൂലിപ്പണിക്കാരനായ നിങ്കപ്പയുടെ അച്ഛൻ രമേശിന് തന്റെ മകൻ ഒരു ഗുസ്തിക്കാരനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തമായി വീടില്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന രമേശും കുടുംബവും ഗുസ്തിക്കാർക്ക് ലഭിക്കുന്ന ആദരവ് കണ്ടിരുന്നു.
എന്നാൽ, രമേശ് ആദ്യമായി നിങ്കപ്പയെ ഒരു ജിമ്മിൽ ചേർത്തപ്പോൾ, വളരെ ദുർബലനും ഭാരക്കുറവും കാരണം അവനെ തിരിച്ചയക്കുകയുണ്ടായി. തുടർന്നാണ് നിങ്കപ്പ മുൻ ഗുസ്തിക്കാർ നടത്തുന്ന ഒരു ഗരാഡിയിൽ പരിശീലനം ആരംഭിച്ചത്, മുൻ ദേശീയ താരമായ കുമകലെ, അന്ന് ആ പത്തു വയസ്സുകാരനെ തന്റെ അക്കാദമിയിൽ ചേർക്കുകയായിരുന്നു.
നിങ്കപ്പ കുമകലെയുടെ ജയ് ഹനുമാൻ ജിംനേഷ്യത്തിലേക്ക്എല്ലാ ദിവസവും രാവിലെ നാല് കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചാണ് പോയികൊണ്ടിരുന്നത്, ഇത് ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും വലിയ അഖാഡകളിൽ ഒന്നായി വളർന്നു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി,ഇവിടെ നിന്ന് ഏകദേശം 50 ഗുസ്തിക്കാർ ഇന്ത്യയിലുടനീളമുള്ള അക്കാദമികളിലേക്ക് മാറിയതായി പറയപ്പെടുന്നു, അവരിൽ ഒരാളാണ് നിങ്കപ്പ.
ഒരു ടൂർണമെന്റിൽ പങ്കെടുക്കുമ്പോഴുള്ള ചിലവുകൾ പോലും കുമകലെ നൽകിയിരുന്നതായി നിങ്കപ്പ പറയുന്നു. മറ്റ് സമയങ്ങളിൽ, അച്ഛൻ കടം വാങ്ങിയാണ് ടൂര്ണമെന്റുകൾക്ക് വിട്ടിരുന്നത്. സോനിപതിൽ നടന്ന അണ്ടർ 15 ചാമ്പ്യഷിപ്പിൽ പങ്കെടുക്കാൻ ലോൺ എടുത്താണ് അച്ഛൻ രമേശ് മകനെ അയച്ചത്.
തന്റെ കുടുംബത്തിന്റെ കടങ്ങൾ ഇല്ലാതാക്കാൻ ഗുസ്തി സഹായിക്കുമെന്ന് നിങ്കപ്പ പ്രതീക്ഷിക്കുന്നു. “എന്റെ കരിയറിനെ പിന്തുണയ്ക്കാൻ എന്റെ പിതാവിന് പണം കടം വാങ്ങേണ്ടിവന്നു, എന്നെങ്കിലും ഒരു വീട് പണിയാമെന്ന്” അദ്ദേഹം പ്രതീക്ഷിക്കുന്നു, നിങ്കപ്പ പറഞ്ഞു.