കൊളംബോ: പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പരമ്പര ജയിക്കാന്‍ ശ്രീലങ്കന്‍ ടീമിന് സാധിച്ചത് ആഭിചാരകക്രിയയിലൂടെയെന്ന് നായകന്‍ ദിനേശ് ചണ്ടിമാൽ. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി ഒരു മന്ത്രവാദിയുടെ പ്രത്യേക അനുഗ്രഹം ലഭിച്ചതായും ഇതാണ് പരമ്പര സ്വന്തമാക്കാന്‍ സഹായിച്ചതെന്നുമായിരുന്നു ചണ്ടിമാലിന്‍റെ വെളിപ്പെടുത്തല്‍.

ടെസ്റ്റ് പരമ്പര 2-0ത്തിനാണ് ലങ്ക ജയിച്ചത്. എന്നാൽ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും മൂന്ന് ട്വന്‍റി-20 മത്സരങ്ങളിലും ഒരു ജയം പോലും സ്വന്തമാക്കാന്‍ ശ്രീലങ്കക്ക് കഴിഞ്ഞിരുന്നില്ല.

മാന്ത്രികന്‍റെയോ പൂജാരിയുടെയോ ആരുടെയാണെങ്കിലും അനുഗ്രഹം വാങ്ങാന്‍ എപ്പോഴും ഒരുക്കമാണെന്നും കഴിവുണ്ടായിട്ട് മാത്രം കാര്യമില്ലെന്നും അനുഗ്രഹമില്ലെങ്കില്‍ പ്രയോജനമില്ലാതെ പോകുമെന്നുമാണ് ലങ്കന്‍ നായകന്റെ അഭിപ്രായം. ഒരു സുഹൃത്തിന്‍റെ അമ്മയാണ് താന്‍ സമീപിച്ച മന്ത്രവാദിയെന്ന് ചണ്ടിമാള്‍ അറിയിച്ചിരുന്നു.

ടെസ്റ്റ് പരമ്പര സ്വന്തമാക്കിയെങ്കിലും ഏകദിന, ട്വന്‍റി20 പരമ്പരകളില്‍ ശ്രീലങ്കന്‍ ടീം പൂര്‍ണ പരാജയമായതോടെ ചണ്ടിമാലിനെയും മാന്ത്രികനെയും കണക്കിന് പരിഹസിച്ച് പല ആരാധകരും രംഗത്തെത്തി. മാന്ത്രിക വിദ്യ അറിയുന്ന സ്ത്രീ കേവലം ഒരു തട്ടിപ്പുകാരിയാണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ പോകാതെ കളത്തില്‍ നല്ല പ്രകടനം പുറത്തെടുക്കാനാണ് നായകനും ടീമും ശ്രമിക്കേണ്ടതെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ