ഏറ്റവും മികച്ച ഇന്ത്യൻ നായകനാരാണ്? ഈ ചോദ്യം ടീം ഇന്ത്യയുടെ ആരാധകരെ എല്ലാക്കാലവും രണ്ട് ചേരികളിലാക്കി നിർത്താറുണ്ട്. ഇന്നും ശക്തമായ വാദഗതികളിൽ സൗരവ് ഗാംഗുലിയെയും മഹേന്ദ്ര സിങ് ധോണിയെയും പുകഴ്ത്തുന്നവർ കുറവല്ല.

എന്നാൽ ധോണി നായകനായതിന് ശേഷമാണ് ടീം ഇന്ത്യയിൽ നിന്ന് സൗരവ് ഗാംഗുലി അടക്കമുളള മുൻനിര താരങ്ങൾ കടുത്ത അവഗണന നേരിട്ടതെന്ന വാദം ഇന്നും ശക്തമാണ്. പക്ഷെ ഇന്ത്യൻ ആരാധകർ എന്നും നെഞ്ചേറ്റുന്ന ഈ രണ്ട് താരങ്ങൾ- ഗാംഗുലിയും ധോണിയും- തമ്മിൽ ശത്രുതയാണോ സൗഹൃദമാണോ?

ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സൗരവ് ഗാംഗുലി തന്റെ ആത്മകഥയായ എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന പുസ്തകത്തിൽ. ധോണിയെ വാനോളം പുകഴ്ത്തുകയാണ് മുൻ നായകൻ.

ഗാംഗുലി നയിച്ച 2003 ലോകകപ്പിൽ ഫൈനൽ വരെ ഇന്ത്യയുടെ പ്രകടനം കണ്ടവരെല്ലാം ഈ ടീം കപ്പ് നേടുമെന്നാണ് പറഞ്ഞത്. എന്നാൽ ഫൈനലിൽ ഇന്ത്യക്ക് കാലിടറി. കപ്പിനും ചുണ്ടിനുമിടയിൽ ഇന്ത്യ കളി കൈവിട്ടു. ധോണി ടീമിലുണ്ടായിരുന്നെങ്കിൽ ആ തോൽവിക്ക് പകരം ഇന്ത്യ വിജയം നേടിയേനെ എന്നാണ് മുൻ നായകൻ, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ഖ്യാതിക്ക് അർഹനായ ധോണിയെ കുറിച്ച് പറഞ്ഞത്.

“2003 ലെ ലോകകപ്പ് ടീമിൽ ധോണിയുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചുപോകുന്നു. എന്നാൽ അന്ന് ഞങ്ങൾ ലോകകപ്പ് കളിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് കളക്ടർ ആയിരുന്നുവെന്നാണ് ഞാൻ പിന്നീടറിഞ്ഞത്. വിശ്വസിക്കാനായില്ല എനിക്കത്,” ദാദ പറഞ്ഞു.

അന്ന് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ 125 റൺസിന്റെ തോൽവിയാണ് ടീം ഇന്ത്യ വഴങ്ങിയത്. പിന്നെയും ഒരു വർഷത്തിലേറെ കഴിഞ്ഞ് 2004 ഡിസംബറിലാണ് സൗരവ് ഗാംഗുലിയുടെ ടീമിലേക്ക് മഹേന്ദ്ര സിങ് ധോണി കയറിവന്നത്.

“സമ്മർദ്ദമില്ലാതെ, സ്ഥിരതയോടെ കളിക്കുന്ന താരങ്ങൾക്കായി ഞാൻ ആ സമയത്ത് വളരെയേറെ തിരഞ്ഞിരുന്നു. വളരെ സ്വാഭാവികമായാണ് മഹേന്ദ്ര സിങ് ധോണി എന്റെ ശ്രദ്ധയിൽ വന്നത്. ആദ്യ ദിവസം തന്നെ ധോണിയുടെ പ്രകടനത്തിൽ ഞാൻ ആകൃഷ്ടനായി.”

“ഇന്ന് ഞാൻ വളരെയേറെ സന്തോഷവാനാണ്. എന്റെ അന്നത്തെ കണക്കുകൂട്ടൽ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഇന്നത്തെ ധോണിയിലേക്കുളള അദ്ദേഹത്തിന്റെ വളർച്ച അമ്പരപ്പിക്കുന്നതാണ്,” ഗാംഗുലി പറഞ്ഞു.

ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്‌മാൻ എന്ന പേരോടെ തുടങ്ങിയ മഹേന്ദ്ര സിങ് ധോണി പിൽക്കാലത്ത് കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ഇന്ത്യൻ ടീമിനെ രണ്ട് ലോകകപ്പ് വിജയങ്ങളിലേക്കും ടെസ്റ്റിലെ ഒന്നാം സ്ഥാനത്തേക്കും എത്തിച്ചു.

2007 ൽ ടീം ഇന്ത്യ ടി20 ലോകകപ്പ് നേട്ടം ധോണിക്ക് കീഴിൽ നേടിയപ്പോൾ, 2011 ലെ ലോകകപ്പ് നേട്ടമായിരുന്നു പിന്നീട് ക്രിക്കറ്റ് ആരാധകർ നോട്ടമിട്ടത്. ഇന്ത്യൻ മണ്ണിൽ ആ ലക്ഷ്യവും സാർത്ഥകമാക്കി ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ ജൈത്രയാത്രയ്ക്ക് അടിവരയിട്ടു. 2008 ൽ ഗാംഗുലി അവസാനമായി കളിച്ച ടെസ്റ്റ് മൽസരത്തിൽ അദ്ദേഹത്തെ നായകനാക്കിയാണ് ധോണി കളിച്ചത്. തന്നെ ദേശീയ ടീമിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന മുൻ നായകനുളള സല്യൂട്ടായി ഇത് വിശേഷിപ്പിക്കപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ