ലണ്ടന്‍: വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രണ്ടാം വട്ടവും പുരുഷ താരമായപ്പോള്‍ വനിതാ താരം ഇന്ത്യന്‍ നായിക മിതാലി രാജാണ്. കഴിഞ്ഞ വര്‍ഷം നടന്ന വനിതാ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച പ്രകടനമാണ് മിതാലിയെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറാക്കിയത്.

ഇത് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് വിരാട് കോഹ്‌ലിയെ തേടി വിസ്ഡന്‍ പുരസ്‌കാരം ലഭിക്കുന്നത്. വിരാടിന് മുമ്പ് തുടര്‍ച്ചയായി രണ്ട് വട്ടം ഈ പുരസ്‌കാരം നേടിയത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് മാത്രമാണ്. അതേസമയം ട്വന്റി-20 യിലെ പ്രകടനത്തിന് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ അര്‍ഹനായി. ഇതാദ്യമായാണ് വിസ്ഡന്‍ ട്വന്റി-20യിലെ പ്രകടനത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്.

ചരിത്രത്തിലാദ്യമായി മൂന്ന് വനിതാ താരങ്ങള്‍ വിസ്ഡന്റെ ടോപ് ഫൈവ് ക്രിക്കറ്റേഴ്‌സ് ഓഫ് ദ ഇയറില്‍ ഇടം പിടിച്ചിരിക്കുകയാണ്. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ മൂന്ന് പേരാണ് പട്ടികയില്‍ ഇടം നേടിയത്. അന്യ ഷ്രുബ്‌സോള്‍, ഹീത്തര്‍ നൈറ്റ്, നാറ്റ് സീവര്‍ എന്നീ താരങ്ങളാണ് ടോപ് ഫൈവ് ക്രിക്കറ്റേഴ്‌സില്‍ ഇടം നേടിയ വനിതാ താരങ്ങള്‍. വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പും എസെക്‌സ് ഫാസ്റ്റ് ബൗളര്‍ ജാമി പോര്‍ട്ടറുമാണ് മറ്റ് രണ്ട് താരങ്ങള്‍.

മുമ്പ് ടോപ് ഫൈവില്‍ ഇടം നേടിയിട്ടുള്ള വനിതാ താരങ്ങള്‍ ക്ലെയര്‍ ടെയ്‌ലറും (2009) ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സുമാണ് (2014). രാജ്യാന്തര തലത്തിലും അഭ്യന്തര ക്രിക്കറ്റിലും ഇംഗ്ലണ്ടില്‍ നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടോപ് ഫൈവിനെ തിരഞ്ഞെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ