അടുത്ത മാസം ഇന്ത്യയ്ക്കെതിരായി നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദേശം രണ്ടര വർഷത്തിന് ശേഷം ഫാസ്റ്റ് ബോളർ കെമർ റോച്ചിനെ ടീമിലെത്തിച്ചു കൊണ്ടാണ് വിൻഡീസിന്റെ ടീം പ്രഖ്യാപനം.
ബാർബഡോസിൽ നിന്നുള്ള 33 കാരനായ അദ്ദേഹം വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് സ്ക്വാഡുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു, എന്നാൽ 2019 ഓഗസ്റ്റിൽ പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യയ്ക്കെതിരായി നടന്ന ഏകദിന മത്സരത്തിലാണ് താരം അവസാനം കളിച്ചത്.
കെമർ റോച്ച് ഞങ്ങളുടെ മുൻനിര ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ്, നേരത്തെ വിക്കറ്റ് നേടുന്നതിന് ഞങ്ങളുടെ ബോളർമാർ മുൻകൈയെടുക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” പുതുതായി നിയമിതനായ ചീഫ് സെലക്ടർ ഡെസ്മണ്ട് ഹെയ്ൻസ് പ്രസ്താവനയിൽ പറഞ്ഞു.
ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിലേക്ക് ഓപ്പണർ ബ്രാൻഡൻ കിംഗിനെയും മധ്യനിര ബാറ്റ്സ്മാൻ എൻക്രുമ ബോണറെയും വെസ്റ്റ് ഇൻഡീസ് തിരിച്ചുവിളിച്ചു. ടീമിൽ സ്ഥാനം ലഭിക്കാൻ പോരാടുന്ന ധാരാളം കളിക്കാരുള്ള ഒരു ഘട്ടത്തിലെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”മുൻ ടെസ്റ്റ് താരം ഹെയ്ൻസ് പറഞ്ഞു.
“ഞങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള കളിക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ തിരഞ്ഞെടുത്ത ടീം വളരെ മികച്ച ടീമാണ്, 2023 ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഞങ്ങൾ ഈ പര്യടനത്തെ നോക്കികാണുന്നത്. ” ഫെബ്രുവരി ആറ് മുതൽ തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് വിൻഡീസ് അഹമ്മദാബാദിൽ കളിക്കുക. തുടർന്ന് കൊൽക്കത്തയിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും കളിക്കും. ട്വന്റി20 ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
Also Read: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര; കൈക്കുഴ സ്പിന്നർമാർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നു
സ്ക്വാഡ്: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഫാബിയൻ അലൻ, എൻക്രുമ ബോണർ, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്സ്, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, നിക്കോളാസ് പൂരൻ, കെമർ റോച്ച്, റൊമാരിയോ ഷെപ്പേർഡ്, ഹായേഡൻ സ്മിത്ത്, ഓഡിയൻ സ്മിത്ത്.