ജമൈക്ക: ടി20 ക്രിക്കറ്റില്‍ 200 എന്നത് ഒരു ടീമിന്റെ മൊത്തം സ്‌കോറായി പോലും സ്‌കോര്‍ ബോര്‍ഡില്‍ തെളിയുന്നത് തന്നെ കുറവാണ്. അങ്ങനെയിരിക്കുമ്പോള്‍ ഒരു ബാറ്റ്‌സ്മാന്‍ ഒറ്റക്ക് 200 റണ്‍സെടുക്കുമെന്ന് പറഞ്ഞാലത് അവിശ്വസനീയമായിരിക്കും. എന്നാല്‍ അത് സംഭവിച്ചിരിക്കുകയാണ്. ക്രിസ് ഗെയിലിന്റെ 175 ഉം ആരോണ്‍ ഫിഞ്ചിന്റെ 172 മൊക്കെ പഴങ്കഥയാക്കിയിരിക്കുകയാണ് ഒരു താരം. വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ശിവ്‌നരേന്‍ ചന്ദ്രപോളാണ് ഏകദിനത്തില്‍ പോലും അപൂര്‍വ്വമായ 200 റണ്‍സ് ടി20യില്‍ നേടിയത്.

ആഡം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് നടത്തിയ ടി20 ടൂര്‍ണമെന്റിലാണ് ചന്ദ്രപോള്‍ 200 റണ്‍സാണ് നേടിയത്. 210 റണ്‍സാണ് ചന്ദ്രപോള്‍ ആകെ നേടിയത്. മറ്റൊരു വിന്‍ഡീസ് താരമായ ഡ്വെയ്ന്‍ സ്മിത്തുമൊത്താണ് ചന്ദ്രപോള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 44 കാരനായ ചന്ദ്രപോള്‍ നേരത്തെ തന്നെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 76 പന്ത് നേരിട്ട ചന്ദ്രപോള്‍ 210 റണ്‍സാണ് അടിച്ചു കൂട്ടിയത്. 25 ഫോറും 13 സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പ്രായം തനിക്ക് വെറുമൊരു അക്കം മാത്രമാണെന്ന്, യുവാക്കളുടെ തട്ടകമായി വിലയിരുത്തപ്പെടുന്ന ടി20യില്‍ തിളങ്ങി തെളിയിച്ചിരിക്കുകയാണ് ചന്ദ്രപോള്‍. ഓള്‍ സ്റ്റാര്‍സ് ടീമിന് വേണ്ടിയായിരുന്നു ചന്ദ്രപോള്‍ കളത്തിലിറങ്ങിയത്. ചന്ദ്രപോളിന്റെ പ്രകടന മികവിന്റെ കരുത്തില്‍ ടീം 303 റണ്‍സാണ് നേടിയത്. എന്നാല്‍ ഇത് ടി20യിലെ ഡബിള്‍ സെഞ്ചുറിയായി ഔദ്യോഗികമായി അംഗീകരിക്കില്ല.

മൂന്ന് കൊല്ലം മുമ്പാണ് ചന്ദ്രപോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതിന് ശേഷവും ആഭ്യന്തര ടൂര്‍ണമെന്റിലും മറ്റും അദ്ദേഹം കളിച്ചിട്ടുണ്ട്. നേരത്തെ,തന്റെ മകന്‍ തഗെനരെയ്ന്‍ ചന്ദ്രപോളുമൊത്ത് ബാറ്റ് ചെയ്തും ചന്ദ്രപോള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook