വിംബിള്‍ഡണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് നൊവാക് ജ്യോകോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും രണ്ടാം റൗണ്ടില്‍ കടന്നു. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചലിക് കെര്‍ബറും ജയിച്ചു.
എതിരാളികൾ മത്സരം പൂർത്തിയാവുന്നതിനു മുന്നെ പിൻവാങ്ങിയതിനാൽ അനായാസമായാണ് ജ്യോകോവിച്ചും ഫെഡററും രണ്ടാം റൗണ്ടിലേക്ക് കടന്നത്. യുക്രൈന്റെ അലക്സാണ്ടർ ദോൽഗോപൊലോവിനെയാണ് മൂന്നാം സീഡ് ഫെഡറർ മറികടന്നത്. മത്സരം 6-3, 3-0 എന്ന നിലയിൽ എത്തിയപ്പോൾ കാലിന് പരിക്കേറ്റ് യുക്രൈൻ താരം പിൻവാങ്ങി.
ഫെഡററുടെ വിംബിൾഡണിലെ 85-ാം വിജയമാണിത്. ഓപ്പൺ കാലഘട്ടത്തിലെ റെക്കോർഡ് ഇതോടെ ഫെഡറർ മറികടന്നു. ജിമ്മി കോർണറുടെ 84 മത്സരവിജയമെന്ന റെക്കോർഡാണ് 35 കാരനായ ഫെഡറർക്കുമുന്നിൽ വഴിമാറിയത്. ബോറിസ് ബെക്കറും (71) പീറ്റ് സാംപ്രാസുമാണ് (63) ഇവർക്ക് പിന്നിലുള്ളത്.
മാർട്ടിൻ ക്ലിസാനെയാണ് ജ്യോകോവിച്ച് മറികടന്നത്. മത്സരം 40 മിനിറ്റ് മാത്രമാണ് നടന്നത്. 6-2, 2-0 എന്ന സ്കോറിൽ മാർട്ടിൻ കാൽക്കുഴയ്ക്ക് പരിക്കേറ്റ് പിൻമാറി.
വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചിലിക് കെര്‍ബര്‍ അമേരിക്കയുടെ ഐറിന് ഫാല്‍ക്കോണിയെയാണ് തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെര്‍ബറിന്റെ ജയം. സ്കോര്‍ 6-4, 6-4. റഷ്യയുടെ എവ്ജീനിയ റോഡിനയെ തോല്‍പ്പിച്ച് മൂന്നാം സീഡ് കരോലിന പ്ലിസ്കോവയും മുന്നേറി. ഹംഗേറിയയുടെ ടിമിയ ബബോസിനെതിരെ കരോലിന് വോസ്നിയാക്കിയും ജയം കണ്ടു.