ലോകത്തെ ഏറ്റവും കണശമായ നിയന്ത്രണങ്ങളുള്ള കായിക ടൂർണമെന്റുകളിലൊന്നാണ് വിംബിൾഡൺ. ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിൽ തുടങ്ങി ആഘോഷങ്ങളിൽ വരെ ഈ നിയന്ത്രണമുണ്ട്. എന്നാൽ ഇതേ വിംബിൾഡണിന്റെ സെന്റർ കോർട്ടിൽ തന്നെയാണ് ടെന്നീസ് താരം തന്റെ ആരാധകനെ പാവാടയുടുപ്പിച്ച് ടെന്നീസ് കളിപ്പിച്ചിരിക്കുന്നത്. മുൻ ലോക ഒന്നാം നന്പർ താരം കിം ക്ലൈസ്റ്റേഴ്സ് ആണ് ഒരു ആരാധകനെ കുട്ടിയുടുപ്പ് ഉടുപ്പിച്ചത്.

ആരാധകര്‍ക്കു വേണ്ടി സംഘടിപ്പിച്ച പ്രദർശന ഡബിൾസ് മത്സരത്തിലായിരുന്നു ക്ലൈസ്റ്റേഴ്സിന്റെ പാവാടയുടുപ്പിക്കൽ. കളിക്കിടയില്‍ എന്തെങ്കിലുമൊക്കെ താമശകൾ ഒപ്പിക്കണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. നാല് തവണ വിംബിൾഡൺ കിരീടം നേടിയ കിം, കളി ജയിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ഗ്യാലറിയിലേയ്ക്ക് വിളിച്ച് ചോദിച്ചു. ബോഡി ലൈൻ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ മറുപടി. ഉടനെ ക്ലൈസ്റ്റേഴ്സ് ആ ആരാധകനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി തന്റെ സെർവ് റിട്ടേൺ ചെയ്ത് ഒരു പോയിന്റ് നേടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നീല ട്രൗസറും പച്ച ടീഷര്‍ട്ടും ധരിച്ചാണ് അദ്ദേഹം ഗ്രൗണ്ടിലേക്കു വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട കിം ഉടന്‍ തന്നെ തന്റെ ബാഗില്‍ നിന്ന് വെള്ള നിറത്തിലുള്ള ഒരു കുട്ടിപ്പാവാട എടുത്തുകൊണ്ട് വന്ന് കോർട്ടിൽ വച്ചു തന്നെ ആരാധകനെ ധരിപ്പിച്ചു. ആരാധകൻ തടിച്ച ശരീരത്തിലേയ്ക്ക് താൻ നൽകിയ കുട്ടിപ്പാവാട വലിച്ചുകയറ്റുന്നത് കണ്ട് നിയന്ത്രണം വിട്ട് ചിരിച്ചുവീഴുകയായിരുന്നു കിം. മസിലു പിടിച്ചിരുന്ന് കളി കാണുന്ന പതിവുള്ള സെന്റർ കോർട്ടിലെ കാണികൾക്ക് മറ്റൊരു അനുഭവമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook